മരടിലെ 'മഹാ പൊളിക്കലിന്' ഇന്ന് ഒരു വയസ്; മായാതെ ആ ദിനം

മരടിലെ 'മഹാ പൊളിക്കലിന്' ഇന്ന് ഒരു വയസ്. നിയമം ലംഘിച്ച് പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍ തകര്‍ത്തെ പറ്റൂ എന്ന സുപ്രീംകോടതി വിധിയായിരുന്നു രാജ്യം ഉറ്റുനോക്കിയ പൊളിക്കലിലേക്ക് മരടിനെ കൊണ്ടെത്തിച്ചത്. 

നിയമ വ്യവസ്ഥയെ കാറ്റില്‍ പറത്തി കേരളത്തില്‍ കെട്ടിയുയര്‍ത്തിയ അസംഖ്യം കെട്ടിടങ്ങളില്‍ അഞ്ചെണ്ണം പൊളിച്ചു നീക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. പരിസ്ഥിതിയെ നശിപ്പിച്ചുള്ള നിര്‍മിതികള്‍ ആവര്‍ത്തിക്കാതിരിക്കാനൊരു താക്കീതായിരുന്നു വിധി. കേരളത്തിലെ സകലമാന രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചെതിര്‍ത്തിട്ടും കോടതി പിന്നോട്ട് പോയില്ല. ഉടന്‍ പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയതോടെ സര്‍ക്കാര്‍, വാശിതുടര്‍ന്നില്ല.

ലോകത്ത് പാളിപ്പോയ സ്ഫോടനങ്ങളുടെ ചരിത്രം മരടിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോയി. നിയന്ത്രിത സ്ഫോടനത്തിനുള്ള നടപടികള്‍ തുടങ്ങി. നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലെ താമസക്കാരെ ഒഴിപ്പിച്ചു.  ഫ്ലാറ്റുകളോട് ചേര്‍ന്ന് വീടുവച്ചവരോട് താല്‍കാലികമായി വീടൊഴിയാന്‍ നിര്‍ദേശിച്ചു. ക്ഷിണാഫ്ലിക്കന്‍ കമ്പനിയായ ജെറ്റ് ‍ഡിമോളിഷനും  ഇന്ത്യന്‍ കമ്പനികളായ എഡിഫൈസ് എന്‍ജിനിയറിങ്ങും, വിജയ് സ്റ്റീല്‍സും പൊളിക്കല്‍ ദൗത്യം ഏറ്റെടുത്തു.  സ്ഫോടനത്തിനു മുന്‍പ് കെട്ടിടങ്ങളെ അസ്ഥികൂടങ്ങളാക്കി

ജനുവരി 10 മഹാദൗത്യത്തിന്റെ ആദ്യ ദിനം.   കണ്ട്രോള്‍ റൂമിലെ ക്ലോക്കില്‍  11 മണി കഴിഞ്ഞ് 16 മിനിറ്റ്. ശ്വാസടക്കിപ്പിടിച്ചിരുന്ന മലയാളിക്കു മുന്നില്‍ എച്.ടു.ഒ ഫ്ലാറ്റിന്റെ മരണമണി മുഴങ്ങി.  തൊട്ടുപിന്നാലെ ഇടിമുഴക്കത്തോടെ ആല്‍ഫാ സെരിന്‍റെ ഇരട്ടകെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പൊടിയും പുകയും ആള്‍ ബഹളങ്ങളും ആവര്‍ത്തിച്ചു. ആദ്യദിനം പൂര്‍ണമവിജയമായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു രണ്ടാം ദിനം ദൗത്യം. കൂട്ടത്തില്‍ ഭീമാകാരനായ ജെയിന്‍ കോറല്‍ കോവിനെ വെള്ളചാട്ടം കണക്കെ വീഴ്ത്തി പൊളിക്കുന്നതില്‍ ഏറ്റവും ഒടുവിലത്തേതും ഏറ്റവും ചെറുതുമായ ഫ്ലാറ്റായിരുന്നു ഗോള്‍ഡന്‍ കായലോരം,  ഫ്ലാറ്റിനോട് മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അംഗണ്‍വാടിയായിരന്നു തകര്‍ച്ചാ ഭീഷണി നേരിട്ടത്. എഞ്ചിനിയറിങ് മികവില്‍ ഗോള്‍ഡന്‍ കായലോരവും മണ്ണിലമര്‍ന്നു. അംഗണ്‍വാടിക്കൊര പോറല്‍പോലുമേറ്റില്ല

കുന്നോളം ഉയരത്തില്‍ നിറഞ്ഞ കെട്ടിടാവശിഷ്ടങ്ങളൊന്നും ഇന്നിവിടയില്ല. പുല്ല് കിളിര്‍ത്ത മണ്ണായി മാറിയിരിക്കുകയാണ് ഇവിടം.

ഒരു കാര്യം ഉറപ്പാണ്  വര്‍ഷങ്ങള്‍  എത്ര പിന്നിട്ടാലും മരട് ദൗത്യവും അതിലേക്ക് വഴിവച്ച കോടതി ഉത്തരവും രാജ്യത്തിന്റെ  പരിസ്ഥിതി രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് മായില്ല.