ഫ്ലാറ്റിന്റെ 'പൊടി'പോലുമില്ല; അവശിഷ്ടങ്ങൾ പുനരുപയോഗിച്ചു

മരടിലെ ഫ്ലാറ്റുസമുച്ചയങ്ങള്‍ പൊളിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍ എന്തുചെയ്യുമെന്നത് ചോദ്യചിഹ്നമായിരുന്നു. നാല്‍പത്തിയഞ്ച് ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കാനായിരുന്നു കോടതി നിര്‍ദേശം. ഒരു വര്‍ഷത്തിനിപ്പുറം കെട്ടിടാവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും പുനരുപയോഗിച്ചുക്കഴിഞ്ഞു. 

കുമിഞ്ഞുകൂടിയ ഫ്ലാറ്റവശിഷ്ടങ്ങളുടെ പൊടി പോലും ഇന്ന് കാണാനില്ല. കോടതി നിര്‍ദേശപ്രകാരം നാല്‍പത്തിയഞ്ച് ദിവസത്തിനുള്ളല്‍ അവശിഷ്ടങ്ങളെല്ലാം നീക്കി. എച്ടുഒ, ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ കോണ്‍ഗ്രീറ്റ് മാത്രമായതിനാല്‍ ഹോളോ ബ്രിക്സ് നിര്‍മിക്കാന്‍ ഉപയോഗിച്ചു. ഇഷ്ടിക കലര്‍ന്ന കോണ്‍ക്രീറ്റായതിനാല്‍ ആല്‍ഫ സെരീന്റെയും ഗോള്‍ഡന്‍ കായലോരത്തിന്റെയും അവശിഷ്ടങ്ങള്‍ കെട്ടിടങ്ങളുടെ ബേസ്മെന്റെ ഫില്ലിങ്ങിനും റോഡ് നിര്‍മാണത്തിനുമുപയോഗിച്ചു. ആലുവ ആസ്ഥാനമായ പ്രോമ്റ്റെന്ന കമ്പനിയാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. 

ആല്‍ഫാ സെരിന്‍ ഫ്ലാറ്റിന്റെ ഇരട്ട സമുച്ഛയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തില്‍ തകര്‍ത്തപ്പോള്‍ അവശിഷ്ടങ്ങള്‍ കായലില്‍ പതിച്ചിരുന്നു.

മല്‍സ്യത്തൊഴിലാളികളുടെയടക്കം നിരന്തര പ്രതിഷേധത്തെ തുടര്‍ന്നാണ് ഇത് ഏറെക്കുറെ നീക്കം ചെയ്തത്. എന്നാല്‍ കോണ്‍ക്രീറ്റ് പാളികളില്‍ ചിലത് ഇപ്പോഴും കായലിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.