ആശങ്ക, ആകാംക്ഷ, ട്രയൽ റൺ; മലയാളിക്ക് മറക്കരുതാത്ത മരട്; ഫ്ലാറ്റുകൾ പൊളിച്ചിട്ട് ഒരു വർഷം

മരടിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കിയിട്ട് നാളെ ഒരു വർഷം. ഉദ്വേഗം നിറഞ്ഞതായിരുന്നു പൊളിക്കുന്നതിന് മുൻപുള്ള ദിവസങ്ങൾ . നിയന്ത്രിത സ്ഫോടനങ്ങൾക്ക്  മുന്നോടിയായി നടന്ന ട്രയൽ റൺ പോലും മാരടുകാരുടെ ചങ്കിടിപ്പ് വർധിപ്പിച്ചു.

അസ്ഥികൂടങ്ങൾക്ക് സമമായിരുന്നു പൊളിക്കുന്നതിന്  മുൻപ് മരടിലെ നാല് കെട്ടിടങ്ങളും.  അകത്തും പുറത്തുമുള്ള ഭിത്തികൾ ഇടിച്ചു നിരത്തി. സ്ഫോടക വസ്തുക്കൾ നിറയ്ക്കാനായി തൂണുകളിൽ ദ്വാരങ്ങൾ തുരന്നു. ഫ്ലാറ്റുകൾ വലിയ ഷീറ്റുകൾകൊണ്ട് ചുറ്റി.

ജനവാസകേന്ദ്രങ്ങളുടെ നടുവിൽ സ്ഥിതിചെയ്തിരുന്ന കൂറ്റൻകെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർക്കുമ്പോൾ  എന്ത്   സംഭവിക്കും എന്ന  ആശങ്കയിലായിരുന്നു  പരിസരവാസികളെല്ലാം. ആശങ്കകൾ പ്രതിഷേധങ്ങൾക്കും വഴിവച്ചു. പൊളിക്കുന്നതിന് ഒരാഴ്ച മുൻപ് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങൾ ഫ്ലാറ്റുകളിൽ എത്തിതുടങ്ങി. സുരക്ഷ മുൻനിർത്തി ഫ്ലാറ്റിന്റെ പരിസരത്തു നിന്ന് എല്ലവരെയും ഒഴിപ്പിച്ചു.  വിദേശത്തു നിന്നെത്തിയ എഞ്ചിനിയർമാർ സ്ഫോടകവസ്തുക്കൾ തൂണുകളിൽ  നിറച്ചു.

ഫ്ലാറ്റുകളുടെ ചുറ്റും നൂറുമീറ്റർ പരിധിയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊളിക്കുന്നതിന്ന് രണ്ടു ദിവസം മുൻപായിരുന്നു ട്രയൽ റൺ. സയറൺ മുഴങ്ങുന്നതിന്റെ സമയക്രമം, ഓരോ സയറണും അർത്ഥമാക്കുന്നതെന്ത്. എല്ലാം ട്രയൽ റണ്ണിൽ മനസിലാക്കി.

പൊളിക്കൽ വിദഗ്ധരും, സ്ഫോടനവിദഗ്ധരുമെല്ലാം ചേർന്ന് അഞ്ചു കെട്ടിടങ്ങളിലും അവസാനവട്ട പരിശോധന നടത്തി. ഉദ്യോഗസ്ഥർ, ആയിരത്തിലേറെ വരുന്ന പൊലീസ് സംഘം, മാധ്യമപ്പട എല്ലാത്തിനും പുറമെ കാഴ്ചക്കാരായി ഒഴുകിയെത്തിയ ജനസാഗരം, യുദ്ധസമാനമായ അന്തരീക്ഷത്തിലായിരുന്നു പൊളിക്കൽ തലേന്ന് മരട് ഉറങ്ങിയത്.