വരുമാനം ഇടിയും; വാഹനങ്ങൾക്കുള്ള ജിഎസ്ടി കുറയ്ക്കില്ലെന്ന് സൂചന

കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന്  വാഹനങ്ങള്‍ക്കുളള ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചേക്കില്ലെന്ന് സൂചന. വാഹന നികുതി 10 ശതമാനം കുറയ്ക്കുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ വരുമാനത്തില്‍ പ്രതിവര്‍ഷം 45,000 കോടി രൂപയുടെ കുറവ് വരുന്നതിനാലാണിത്. 

വാഹനവില്‍പന കുത്തനെ കുറഞ്ഞതിനാല്‍നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നാണ് വാഹന നിര്‍മ്മാതാക്കളുടെ ആവശ്യം. നികുതി കുറയ്ക്കണമെന്ന ആവശ്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി വാഹന നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍  വാഹനങ്ങളുടെ നികുതിയില്‍ 10 ശതമാനം കുറവ് വരുത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വരുമാനം കുത്തനെ കുറയുമെന്നാണ് വിലയിരുത്തല്‍. 

നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 45,000 കോടിരൂപയുടെ കുറവുണ്ടാകുമെന്നാണ് ധനമന്ത്രാലയം കണക്കുകൂട്ടുന്നത്.  ഈ പശ്ചാത്തലത്തില്‍ വരുന്ന ഇരുപതാം തീയതി ചേരുന്ന ജിഎസ്ടി കൗണ്‍സില്‍  യോഗത്തില്‍ നികുതി കുറയ്ക്കുന്നത് പോലുളള തീരുമാനങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ സൂചന  . നികുതി കുറയ്ക്കുന്നതിനെ കേരളമടക്കമുളള ചില സംസ്ഥാനങ്ങളും എതിര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മാസവും വാഹന വില്‍പന കുത്തനെ കുറഞ്ഞിരുനു.29 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം വാഹന വില്‍പനയിലുണ്ടായത്.