‘ജിഎസ്ടി വന്നതോടെ ബിസിനസ് സുതാര്യമായി’; തുണച്ച് വ്യവസായ പ്രമുഖര്‍

ജിഎസ്ടിയെ അനുകൂലിച്ച് വ്യവസായപ്രമുഖരായ  കല്യാണ്‍ സില്‍ക്സ് എം.ഡിയും ചെയര്‍മാനുമായ ടി.എസ്.പട്ടാഭിരാമനും, ജോയ് ആലുക്കാസും, ഇസാഫ് എംഡി കെ.പോൾ തോമസും. ജിഎസ്ടി വന്നതോടെ ബിസിനസ്സ് സുതാര്യമായെന്ന് പട്ടാഭിരാമൻ. ജിഎസ്ടി വരുന്നതിനുമുൻപ് നികുതിവെട്ടിക്കുന്നവരുടെ മുന്നിൽ  പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയായിരുന്നു. ജിഎസ്ടി വന്നതിനുശേഷം അവസ്ഥ മാറി. കേരളത്തില്‍ വ്യവസായം തുടങ്ങി വളര്‍ച്ച പ്രാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കല്യാണ്‍ സില്‍ക്സ് എം.ഡിയും ചെയര്‍മാനുമായ ടി. എസ്. പട്ടാഭിരാമന്‍. ഇരുപതാം വയസില്‍ അഞ്ച് തൊഴിലാളികളുമായി ആരംഭിച്ചതാണ് സ്ഥാപനം. ഇന്നത് ഏഴായിരം മലയാളികളായ തൊഴിലാളികളുമായി വിശാലമായി വളര്‍ന്നുവെന്നും ആ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമന്യൂസ് കോണ്‍ക്ലേവ് 2022 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം വരും, കൊടി വരും എന്ന ഭയം ഇല്ല. ഒന്നുമില്ലായ്മയില്‍ നിന്നാണ് വളര്‍ന്നത്.  നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നു. വ്യാപാരികളോടും വ്യവസായികളോടും ജനങ്ങള്‍ക്കുള്ള മനോഭാവം മാറണമെന്നും മൂരാച്ചികളാണെന്ന തോന്നല്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് സംഭാവന ചെയ്യുന്നവരാണ് വ്യാപാരി സമൂഹമെന്ന സ്നേഹവും പരിഗണനയും ആളുകളിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പണം അമൂല്യമാണ്. അതിനെ എങ്ങനെ വിനിയോഗിക്കാമെന്നതാണ് പ്രധാനമെന്ന് ജോയ് ആലുക്കാസ്. എന്‍റെ ജീവനക്കാരെല്ലാം വളരെ സന്തോഷത്തിലാണ്. നമ്മുടെ കയ്യിലുള്ള പണം ഇല്ലാത്തവര്‍ക്ക് നല്‍കണം. സിനിമയിലും കഥാപാത്രമായല്ലോ എന്ന ചോദ്യത്തിനും ഉത്തരം പറഞ്ഞ് ജോയി ആലുക്കാസ്. കസ്തൂരിമാന്‍ സിനിമ നൂറാം ദിവസം ആഘോഷിക്കുമ്പോള്‍ 'ഞാനല്ലേടാ അതില്‍ മെയിന്‍ കഥാപാത്രം' എന്ന് പറഞ്ഞത് ഓര്‍മിപ്പിച്ച് ജയരാജ് വാര്യര്‍. ലോഹിതദാസിന്‍റെ ആശയമായിരുന്നു ഒരു കുടുംബത്തിനെ പരിചയപ്പെടുത്തണമെന്ന്. അങ്ങനെയാണ് സാജന്‍ ജോസഫ് ആലുക്ക എന്ന കഥാപാത്രം ഉണ്ടാകുന്നത്. സിനിമ വലിയ വിജയമായി. ജോയ് ആലുക്കാസ് പറയുന്നു.