എവിടെയും ആണ്‍ അതിപ്രസരം; അര്‍ഹമായ ഇരിപ്പിടത്തിനായി സ്ത്രീകള്‍ ശബ്ദിക്കും: നജ്‌‌മ

വ്യക്തിയെ വെറുതെ വിട്ടുകൂടെ എന്ന വിഷയത്തില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ വ്യക്തമായ നിലപാടുകള്‍ പറഞ്ഞ് ഹരിത നേതാവ് നജ്‌‌മ തബ്ഷിറ. അര്‍ഹമായ ഇരിപ്പിടത്തിന് വേണ്ടി പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ശബ്ദിക്കുമെന്നും അതില്ലാത്തയിടങ്ങളില്‍ ഒരിക്കല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും നജ്മ. ഹരിത -മുസ്‍ലിം ലീഗ് വിഷയം ഒറ്റപ്പെട്ടതല്ല എന്നും നജ്മ വ്യക്തമാക്കുന്നു. കേരളം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണെന്ന് പറയാം. പൂര്‍ണമായും നല്ല സമൂഹം എന്ന രൂപത്തിലേക്ക് എത്തിയിട്ടില്ല. നമ്മുടെ ഉള്ളില്‍ ജാതിയുണ്ട്, അസമത്വം ഉണ്ട്, എന്തിനൊക്കെയോ വിരോധവുമുണ്ട്. പക്ഷേ നമ്മള്‍ അങ്ങനെയാകാതിരിക്കാന്‍ ശ്രമിക്കുന്നു. വ്യക്തിയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ സമൂഹത്തിന് ഒരിടം ഉണ്ട്. പക്ഷേ അതിന് പരിധിയുണ്ട്. അതിന് കാരണം ഇവിടെയുള്ള ചില സംഘടനകളാണ്. എന്നാല്‍ അവിടെയെല്ലാം ആണ്‍ അതിപ്രസരം ഉണ്ട്. ജനാധിപത്യപരമായിട്ടുള്ള പരിധികള്‍ നിര്‍ണയിക്കാന്‍ സ്ത്രീകള്‍ക്കും ഇടം വേണം. ഇവിടെ ജനാധിപത്യപരമായ നിര്‍മിതികളുണ്ടാകണം. 

‌താന്താങ്ങളുടെ ഇടത്തിന് വേണ്ടി നിരന്തരം കലഹിച്ച് കൊണ്ടിരുന്ന ഒരുകൂട്ടം പെണ്‍കുട്ടികളാണ് ഹരിതയിലുണ്ടായിരുന്നത്. ഹരിത -മുസ്‍ലിം ലീഗ് വിഷയം മാത്രമല്ല, എല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. ലീഗിന്‍റെ മാത്രമായിട്ടുള്ള ഒരു പ്രശ്നമല്ല ഇത്. ഇത്തരത്തിലുള്ള പ്രശ്നം എല്ലായിടത്തുമുണ്ട്. അര്‍ഹമായ ഇരിപ്പിടത്തിന് വേണ്ടി പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ശബ്ദിക്കുന്നു. അതില്ലാത്തയിടങ്ങളില്‍ ഒരിക്കല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകും. നമുക്ക് സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ പരിമിതിയുമുണ്ട്. മറ്റൊരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ വൃത്തിക്ക് ഓഡിറ്റ് ചെയ്യപ്പെടണം. സമൂഹത്തിന് ചില മൂല്യങ്ങള്‍ വേണം. പക്ഷേ അതിന് പരിധി നിര്‍ണയിക്കാന്‍ സ്ത്രീകള്‍ക്കും സാധ്യമാകണം. ജീവിതത്തില്‍ നമുക്ക് വേണ്ടി കുറച്ച് സമയം വേണം. അതിനെ മറ്റുള്ളവര്‍ ബഹുമാനിക്കണം– നജ്‌‌മ പറഞ്ഞു.