കുടുംബം നന്ദികെട്ട സ്ഥാപനം; നിലനില്‍ക്കുന്നത് സ്ത്രീവിരുദ്ധ വിശ്വാസം: നിലപാടുമായി ശാരദക്കുട്ടി

കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളെക്കുറിച്ച് സംസാരിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ എഴുത്തുകാരി എസ് ശാരദക്കുട്ടി.   'ഇതിനെക്കുറിച്ച് ആരും സംസാരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ വിശ്വാസങ്ങളാണ് കുടുംബങ്ങളില്‍ നടക്കുന്നത്. എല്ലാ മതവിഭാഗങ്ങളും അവരുടെ ആധിപത്യ മൂല്യങ്ങള്‍ ഉറപ്പിക്കാനായി സ്ത്രീകളെയാണ് ഉപയോഗിക്കുന്നതെന്നും ശാരദക്കുട്ടി വ്യക്തമാക്കുന്നു.

കുടുംബത്തിലുള്ള വിശ്വാസമാകാം, കുട്ടികളെ സംരക്ഷിക്കുന്നതിലുള്ള വിശ്വാസമാകാം, ഭര്‍ത്താവിനോടുള്ള വിശ്വാസമാകാം, കുടുംബത്തിന്‍റെ കുലീനതയും വേരും നിലനിർത്തുന്നതിലുള്ള വിശ്വാസമാകാം... എല്ലാം സ്ത്രീയില്‍ അധിഷ്ഠിതമാണ്. അത്തരത്തില്‍ ഒരു നന്ദികെട്ട സ്ഥാപനമാണ് കുടുംബം.

എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ വിഭാഗങ്ങളും തങ്ങളുടെ സ്ഥാപിത താല്ർപര്യങ്ങള്‍ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇവരെല്ലാം ഉപയോഗിക്കുന്നത് സ്ത്രീകളുടെ നിസ്സഹായാവസ്ഥയാണ്. സ്ത്രീകള്‍ക്ക് പരിധി നിശ്ചയിക്കുന്നത് ഇവരാണ്. അവർ പറയുമ്പോള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നവരാകണം സ്ത്രീകള്‍ എന്ന ചിന്താഗതിയാണ്. വിശ്വാസി, അവിശ്വാസി എന്ന വേർതിരിവ് നമ്മുടെ സാമൂഹിക പുരോഗതിയെ തകർക്കുമെന്നും' ശാരദക്കുട്ടി വ്യക്തമാക്കുന്നു. വിഡിയോ കാണാം.