വിജയ് ബാബുവിനെതിരെ റെഡ് നോട്ടിസിന് നടപടി; ശുപാര്‍ശ സി.ബി.ഐക്ക് കൈമാറി

വിജയ് ബാബുവിനെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങി. പൊലീസിന്റെ ശുപാര്‍ശ ആഭ്യന്തരവകുപ്പുവഴി സി.ബി.ഐക്ക് കൈമാറി. ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സിയായി സി.ബി.ഐ തുടര്‍നടപടി എടുക്കും. ഹൈക്കോടതിയില്‍ നല്‍കിയ യാത്രാരേഖയെപ്പറ്റി അറിയില്ലെന്ന് പൊലീസ് പ്രതികരിച്ചു. 

വിജയ് ബാബു അടുത്ത തിങ്കളാഴ്ച വിദേശത്തുനിന്ന് തിരിച്ചെത്തുമെന്നാണ് അഭിഭാഷകൻ പറയുന്നത്. ദുബായിൽ നിന്നുള്ള മടക്ക യാത്രയുടെ ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി. യാത്രാ രേഖകൾ ഹാജരാക്കാത്തതിനാൽ വിദേശത്തുനിന്ന് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള റെഡ് നോട്ടീസ് നടപടികൾ തുടങ്ങുമെന്ന് പൊലീസ് നിലപാടെടുത്തതിന് പിന്നാലെയാണ് മടക്കയാത്രയിൽ തീരുമാനം ആയത്.  പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബു കേരളത്തിലെത്തിയ ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഇതിന് സമ്മതമാണെന്ന് അഭിഭാഷകൻ ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചിനെ അറിയിച്ചു. 

ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള ഇന്നത്തെ യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബു ഉണ്ടായിരുന്നില്ല. ഇതോടെ ഇന്ന് അഞ്ചുമണിക്കുശേഷം റെഡ് നോട്ടീസിനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാ രേഖകൾ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ മാസം ഇരുപത്തിനാലിന് ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കിയിരുന്നു. തിങ്കൾ രാവിലത്തെ വിമാനത്തിലാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. ടിക്കറ്റ് കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച മടങ്ങിയെത്തുമെന്നും അതിനാൽ കേസ് നാളെത്തന്നെ പരിഗണിക്കണമെന്നുമാണ് വിജയ് ബാബുവിന്റെ ആവശ്യം. 

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നു. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്