ജീവനോടെ ഇരിക്കുന്നതിന് ദൈവത്തിന് നന്ദി; എല്ലാത്തിനും ഉത്തരമുണ്ട്: വിജയ് ബാബു

യുവനടിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ കസ്റ്റഡി ചോദ്യം ചെയ്യൽ ഇന്ന് അവസാനിച്ചു. ചോദ്യം ചെയ്യൽ അവസാനിച്ചെന്നും പൂർണ്ണമായും സത്യസന്ധമായും സഹകരിച്ചുവെന്നും വ്യക്തമാക്കി വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നൽകിയെന്നും വിജയ് ബാബു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാല്ലാം ഉത്തരമുണ്ടെന്നും എന്നാൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു. തന്റെ സിനിമകൾ സംസാരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കി.

വിജയ് ബാബു കുറിച്ചത് ഇങ്ങനെ: 

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യൽ ഇന്ന് അവസാനിച്ചു. പ്രക്രിയയിലുടനീളം ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സത്യസന്ധമായും സഹകരിച്ചു. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നൽകിയിട്ടുണ്ട്. എന്റെ മനസ്സിൽ ഉയർന്നുവരുന്ന അസ്വസ്ഥമായ ചിന്തകളെയെല്ലാം അതിജീവിച്ച് കഴിഞ്ഞ 70 ദിവസങ്ങളായി ഈ നിമിഷം വരെ എന്നെ ജീവനോടെ നിലനിർത്തിയ ദൈവത്തിന് നന്ദി പറയുന്നു.  

എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും - നിങ്ങൾ എല്ലാവരും കാരണമാണ് ഞാൻ ജീവിച്ചിരിക്കുന്നത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും എനിക്ക് ആശ്വാസമായി. അവസാനം സത്യം ജയിക്കും. പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും ബഹുമാനപ്പെട്ട കോടതിയോടും അല്ലാതെ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  ‌എല്ലാ ഉത്തരങ്ങളും എനിക്കുണ്ടായിട്ടും എനിക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നില്ല എന്നതിൽ ക്ഷമ ചോദിക്കുന്നു. അതുവരെ, ഞാൻ സൃഷ്ടിക്കുന്ന സിനിമകൾ സംസാരിക്കും. ഞാൻ എന്റെ സിനിമകളെക്കുറിച്ച് മാത്രം സംസാരിക്കും. തകർന്ന മനുഷ്യനെക്കാൾ ശക്തമായി മറ്റൊന്നില്ല എന്ന് പറയുന്നു. സ്വയം  പുനർനിർമിക്കുന്നു..ദൈവം അനുഗ്രഹിക്കട്ടെ.