വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയിൽ ഹർജി നൽകി

ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയിൽ ഹർജി നൽകി. കേസെടുത്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതി  നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടികളാണ് ചെയ്തുവരുന്നത്. സമൂഹത്തിൽ ഉന്നതസ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന ആശങ്കയും ഹർജിയിൽ പങ്കുവെക്കുന്നുണ്ട്.

വിദേശത്ത് ഇരുന്നുകൊണ്ട് വിജയ്ബാബു നൽകിയ മുൻകൂർ ജാമ്യ അപേക്ഷ ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം നിലനിൽക്കില്ല. നിയമ നടപടികളിൽ നിന്ന് ഒളിച്ചോടാനാണ് പ്രതി വിദേശത്തേക്ക് കടന്നത് . ഇതൊന്നും പരിഗണിക്കാതെയുള്ള ഹൈക്കോടതി ഉത്തരവ്  തെറ്റാണെന്നും ഹർജിയിൽ പറയുന്നു. ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ  സംസ്ഥാനസർക്കാരും സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയിട്ടുണ്ട്.