റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ രാജി വയ്ക്കൂ; വീണ്ടും രോഷത്തോടെ ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശരിയായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ആഞ്ഞടിച്ചത്. പണിയറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കഴിവുള്ള ഒട്ടേറെ പേര്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്‍റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 

കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയപടിയായി. റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനമില്ലെന്ന കൊച്ചി കോര്‍പറേഷന്‍റെ ന്യായീകരണത്തെയും കോടതി വിമര്‍ശിച്ചു. ഇത്തരം ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുകള്‍ ശോചനീയവസ്ഥ പരിഹരിക്കാന്‍ പല ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. കൊച്ചി നഗരത്തിനു പുറത്ത് സംസ്ഥാനത്തെ മറ്റ് റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിമാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും കോടതി നിര്‍ദേശം നല്‍കി.