24 വീടുകള്‍ക്ക് കേടുപാട്; ചെറുകുളം പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് നാട്ടുകാര്‍

കൊല്ലം ഇട്ടിവ പഞ്ചായത്തിലെ ചെറുകുളം പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് നാട്ടുകാര്‍. പ്രദേശത്തെ ഇരുപത്തിനാലു വീടുകള്‍ക്ക് കേടുപാടുണ്ടായെന്നാണ് പരാതി. ‌വ്യാപകപ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയെങ്കിലും നടപടികള്‍ വൈകുന്നതായാണ് ആക്ഷേപം.

ഇട്ടിവപഞ്ചായത്തിലെ ചുണ്ട ചെറുകുളം മേഖലയില്‍ സാധാരണക്കാര്‍ താമസിക്കുന്നയിടത്ത് തുടങ്ങിയ പാറമടയ്ക്കെതിരെ ഏറെ നാളായി തുടരുന്നതാണ് പ്രതിഷേധം. മൂന്നാഴ്ച മുന്‍പ് കലക്ടറും, പൊലീസ് , റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരുമൊക്കെ നേരിട്ടെത്തി നാട്ടുകാരുടെ പരാതി കേട്ട് മടങ്ങിയെങ്കിലും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. 24 വീടുകൾ തകർച്ചയുടെ വക്കിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസം നൂറിലധികം ലോറികള്‍ കടന്നുപോയി റോഡ് തകര്‍ന്നു. പൊടിശല്യം. സ്കൂള്‍ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തി. ആശുപത്രിയില്‍ പോകാന്‍പോലും പറ്റുന്നില്ല.

            മൂന്ന് ഏക്കറിലായി പാറമടയുടെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ നാട്ടുകാര്‍ സമരത്തിലാണ്. നിയമ ലംഘനത്തിന് ‌ആറു മാസം മുന്‍പ് 50 ലക്ഷം രൂപ ക്വാറിയിൽ നിന്നു പിഴ ഈടാക്കിയെന്നാണ് ജിയോളജി വകുപ്പിന്റെ വിശദീകരണം.