പാറ പൊട്ടിക്കുന്നതിനിടെ അപകടം; പാറമടയ്ക്കെതിരെ നാട്ടുകാർ

പാലക്കാട് ഒറ്റപ്പാലം നെല്ലിക്കുറുശിയിലെ പാറമടയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനിടെ തെറിച്ച കല്ല് സമീപത്തെ വീട്ടിലേക്ക് പതിച്ചെന്ന പരാതിക്കു പിന്നാലെയാണു പ്രതിഷേധം.

ഒറ്റപ്പാലം ചുനങ്ങാട് കീഴ്പ്പാടത്ത് സന്തോഷും കുടുംബവുമാണ് പരാതിക്കാര്‍. വീടിന് സമീപമുളള ഷെഡിന്റെ മേല്‍ക്കൂര കരിങ്കല്ല് വീണ് ഭാഗീകമായി തകര്‍ന്നെന്നാണ് പരാതി. സന്തോഷിന്റെ ഭാര്യ ആതിര അല്‍ഭുതകരമായാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലക്കിടിപേരൂർ, അമ്പലപ്പാറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുളള ക്വാറിക്കെതിരെ നാട്ടുകാർ കലക്ടർ ഉൾപ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.

മലയടിവാരത്തെ ഒട്ടേറെ കുടുംബങ്ങൾക്കു ഭീഷണിയാണു ക്വാറിയെന്നു നാട്ടുകാർ നൽകിയ പരാതിയിൽ ആരോപിക്കുന്നു. സ്ഫോടനങ്ങളിൽ പ്രദേശത്തെ വീടുകൾക്കും കിണറുകൾക്കും കേടുപാടു സംഭവിക്കുന്നതും പതിവാണ്. പ്രശ്നം പല തവണ ക്വാറി ഉടമയെയും ഉദ്യോഗസ്ഥരേയും അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.