ക്വാറിയിൽ സ്ഫോടനം; പിന്നാലെ വീട് ഇടിഞ്ഞു; 3 വയസ്സുകാരനു ദാരുണാന്ത്യം

തിരുനെൽവേലി: രാധാപുരത്തിന് സമീപം വീടിന്റെ മേൽക്കുര ഇടിഞ്ഞു വീണു 3 വയസ്സുകാരൻ മരിച്ചു. കരിങ്കൽ ക്വാറിയിൽ നിന്നുണ്ടായ പ്രകമ്പനത്തെത്തുടർന്നാണ് മേൽക്കൂര ഇടിഞ്ഞു വീണതെന്ന് ആരോപിച്ച് നാട്ടുകാർ സമരം നടത്തി. തിരുനെൽവേലി ജില്ലയിൽ രാധാപുരത്തിന് സമീപം ശീലാത്തികുളത്ത് മുരുകൻ–സുകന്യ ദമ്പതികളുടെ മകൻ ആകാശ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സംഭവം. അപകടസമയത്ത് മുരുകൻ ജോലിക്കു പോയിരിക്കുകയായിരുന്നു. സുകന്യയും മൂത്ത മകളും വീടിനു പുറത്ത് തുണികൾ അലക്കുകയായിരുന്നു. മൂന്നര വയസ്സുള്ള കുട്ടി വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു.  

ശീലാത്തികുളത്തിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ക്വാറിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് മുരുകന്റെ വീടിന്റെ മേൽക്കുര തകർന്ന് കുട്ടിയുടെ ദേഹത്തു പതിച്ചത്. ക്വാറിയിൽ നിന്നുള്ള പ്രകമ്പനത്തെത്തുടർന്നാണ് മേൽക്കൂര തകർന്നതെന്നു നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചു വരുന്ന കരിങ്കൽ ക്വാറികളെല്ലാം നിരോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സംഘടിച്ചു റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.  രാധാപുരം തഹസിൽദാരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി പ്രദേശവാസികളുമായി ചർച്ച നടത്തി. പ്രശ്നം പരിശോധിച്ചു നടപടിയെടുക്കുമെന്ന ഉറപ്പിനെത്തുടർന്നാണു നാട്ടുകാർ പിരിഞ്ഞുപോയത്.