അനുവദിച്ചതിലധികം പാറ ഖനനം നടത്തി; താമരശേരി ബിഷപ്പിനും വികാരിക്കും പിഴ

അനുവദിച്ചതിനേക്കാള്‍ അധികമായി പാറ ഖനനം ചെയ്തതിന് താമരശേരി രൂപത ബിഷപ്പിനും പള്ളി വികാരിക്കും ജിയോളജി വകുപ്പ് പിഴ ചുമത്തി. 23,53,013 രൂപയാണ് ഈ മാസം 30 ന് മുമ്പ് പിഴയായി അടയ്ക്കേണ്ടത്. കാതലിക് ലെമെന്‍ അസോസിയേഷന്റ പരാതിയിലാണ് നടപടി. 

കൂടരഞ്ഞി പുഷ്പഗിരി പള്ളി സ്ഥലത്തെ പാറമടയില്‍ നിന്ന് 2002 മുതല്‍ 2010 വരെ പാറ പൊട്ടിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ 2015 വരെ പാറ പൊട്ടിച്ചെന്നാണ് ലെമെന്‍ അസ്സോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഒരേക്കറില്‍ 23 സെന്റില്‍ നിന്ന് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളുവെങ്കിലും അതില്‍ കൂടുതല്‍ സ്ഥലത്ത് പാറ പൊട്ടിച്ചു.പരിധി ലംഘിച്ച് പൊട്ടിച്ച കല്ലിന്റ അളവ് കണക്കാക്കി പിഴ ഈടാക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. 

58,700 ഘന മീറ്റര്‍ കല്ല് അധികമായി പൊട്ടിച്ചെടുത്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഘന മീറ്ററിന് 40 രൂപ നിരക്കില്‍ 23 48,013 രൂപയും പിഴയായി 5000  പിഴയുമാണ് ഈടാക്കുന്നത്. എന്നാല്‍ അനുമതിയുള്ള കാലയളവില്‍ മാത്രമേ പാറ പൊട്ടിച്ചിട്ടുള്ളുവെന്നും നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നും പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ പള്ളി വികാരിയായിരുന്ന ഫാ മാത്യൂസ് തകടിയേല്‍ പറഞ്ഞു. പൊട്ടിച്ചെടുത്ത കല്ല് പള്ളി കെട്ടിടത്തിന്റ നിര്‍മാണത്തിന് മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും സഭ പറയുന്നു.