പത്തനംതിട്ടയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു; രാത്രിയാത്രയ്ക്ക് വിലക്ക്

പത്തനംതിട്ട ജില്ലയുടെ വനമേഖലയില്‍ ശക്തമായ മഴ തുടങ്ങി. രാത്രി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പമ്പയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. ജില്ലയില്‍ പാറമടകളുടെ പ്രവര്‍ത്തനവും  മലയോരമേഖലകളിലെ രാത്രി യാത്രയും നിരോധിച്ചു. കഴിഞ്ഞ രണ്ടു രാത്രികളിലും ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാത്രി ഞായറാഴ്ച രാത്രി പെയ്തതിന്‍റെ പകുതി മഴയേ പെയ്തുള്ളു. വയലുകളിലേയും തോടുകളിലേയും ജലനിരപ്പ് താഴ്ന്നു. ഇന്നലെ ശബരിമല വനത്തില്‍ ഉരുള്‍ പൊട്ടിയെങ്കിലും പമ്പയില്‍ കാര്യമായി ജലനിരപ്പ് ഉയര്‍ന്നില്ല. മൂഴിയാര്‍ അണക്കെട്ടും ആനത്തോട് അണക്കെട്ടും തുറന്നിരിക്കുകയാണ്. കക്കാട്ടാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. വനമേഖലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. പകല്‍ കാര്യമായി മഴ പെയ്തില്ല. വൈകിട്ടോടെ വീണ്ടും ആകാശം മേഘാവൃതമായി.. രാത്രി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 

ജില്ലയില്‍ പാറമടകളുടെ പ്രവര്‍ത്തനം, മണ്ണെടുപ്പ്, മലയോര മേഖലകളിലെ രാത്രി യാത്ര, ബോട്ടിങ്, കടത്ത് എന്നിവ നിരോധിച്ചു. മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ രണ്ട് ക്യാംപുകളിലായി 17 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. പത്തനംതിട്ട ഗവി റോഡില്‍ അരണമുടിയിലെ മണ്ണ് നീക്കം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഗവി ഒറ്റപ്പെട്ട നിലയിലാണ്. ഈ മാസം മൂന്നാം തവണയാണ് ഇവിടെ മണ്ണിടിയുന്നത്. അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു, കനത്ത മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും.