ശ്മശാനത്തിലേക്കുള്ള റോഡ് കയ്യേറി കരിങ്കൽ ക്വാറി; മൃതദേഹങ്ങൾ ചുമക്കണം; ദുരിതം

ചന്ദനമരങ്ങള്‍ അപ്രത്യക്ഷമായ മലപ്പുറം വാഴയൂരിലെ സര്‍ക്കാര്‍ പൊതു ശ്മശാനത്തിലേക്കുളള റോഡ് കയ്യേറി കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍ ഉടമസ്തതയിലുളള ഭൂമിയോട് 10 മീറ്റര്‍ ചേര്‍ന്നു വരേയും ചട്ടങ്ങള്‍ ലംഘിച്ച് അപകടകരമാംവിധമുളള പാറഖനനവും നടക്കുന്നുണ്ട്. 

പൊതുശ്മശാനത്തിലേക്ക് മൃതദേഹം ചുമന്നുകൊണ്ടുപോവുക തന്നെ വെല്ലുവിളിയാണ്. കരിങ്കില്‍ പൊട്ടിച്ച് റോഡിന്‍റെ ഒരു ഭാഗത്ത് ഗര്‍ത്തമാവായതുകൊണ്ട് ആംബുലന്‍സിന് കയറിപ്പോവാനുമാവില്ല.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് 50 മീറ്റര്‍ അകലത്തിലേ ക്വാറി പ്രവര്‍ത്തിക്കാവൂ എന്ന നിബന്ധനപാലിക്കപ്പെടാത്തതിലും നാട്ടൊരു പൗരാവകാശ സമിതി പരാതി നല്‍കിയിട്ടുണ്ട്. ഖനനം നടക്കുന്ന സ്ഥലം എന്ന് ക്വാറിക്കാര്‍ തന്നെ ബോര്‍ഡു വച്ച സ്ഥലത്തു നിന്ന് പത്തു മീറ്ററാണ് ശ്മശാനഭൂമയിലേക്കുളള ദൂരം. 

പഞ്ചായത്തിന്‍റെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോവുക  വെല്ലുവിളിയായതോടെ ദൂരസ്ഥലങ്ങളിലുളള ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങളുമായി പോവേണ്ട ഗതികേടിലാണ് വാഴയൂര്‍ പഞ്ചായത്തിലുളളവര്‍.