ആദിവാസി സ്ത്രീകള്‍ക്കിടയില്‍ വൃക്കരോഗം വ്യപകമാകുന്നു

കോട്ടയം മുണ്ടക്കയത്തെ കൊമ്പുകുത്തിയില്‍ ആദിവാസി  സ്ത്രീകള്‍ക്കിടയില്‍ വൃക്കരോഗം വ്യപകമാകുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ രോഗ നിര്‍ണയ ക്യാംപിലാണ് കണ്ടെത്തല്‍. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികില്‍സയ്ക്കുള്ള സൗകര്യം മെഡിക്കല്‍ കോളജില്‍ ഒരുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ് മലയോര മേഖലയായ കൊമ്പുകുത്തി. ആദിവാസികള്‍ കൂടുതലായി താമസിക്കുന്ന ഇവിടെ  ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍  രോഗനിര്‍ണയ ക്യാംപ് സംഘടിപ്പിച്ചത്. 130 ആദിവാസി സ്ത്രീകളെ പരിശോധിച്ചതില്‍ പതിനഞ്ച് പേര്‍ക്ക് അതീവ ഗുരുതരമായ വൃക്കരോഗം കണ്ടെത്തി. പത്തുപേര്‍ക്ക് രോഗ സാധ്യതയും സ്ഥിരീകരിച്ചു. നാല്‍പതിനും അറുപതിനും ഇടയില്‍  പ്രായമുള്ളവരിലാണ് രോഗബാധ കൂടുതലായും കണ്ടെത്തയത്. 18നും 21നും ഇടയില്‍ പ്രായമുള്ളവരിലും രോഗം സ്ഥരീകരിച്ചിട്ടുണ്ടെന്നത് ആശങ്ക ഉയര്‍ത്തുന്നു. എന്നാല്‍  എഴുപത് വയസിന് മുകളിലുള്ള ഇരുപതിഞ്ചിലധികം പേരെ പരിശോധിച്ചെങ്കിലും രോഗം കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം  35 പുരുഷന്‍മാരെ പരിശോധിച്ചതില്‍ 3 പേരില്‍ രോഗം സ്ഥിരീകരിച്ചു . ജീവിതശൈലിയിലുണ്ടായ മാറ്റമാവാം രോഗം വര്‍ധിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇവര്‍ക്ക്  മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കുള്ള സൗകര്യം ഒരുക്കും

ശബരിമല വനത്തിന്‍റെ ഭാഗമായ കൊമ്പുകുത്തിയിലെത്തണമെങ്കില്‍  മുണ്ടക്കയത്തുനിന്നും പതിനഞ്ച് കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിക്കണം. അതുകൊണ്ട് തന്നെ രോഗനിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ക്ക് കഴിയാതെ പോകുന്നു. ആദിവാസി മേഖലയായ ഇവിടെ മെച്ചപ്പട്ട ചികില്‍സാ സൗകര്യങ്ങളില്ലാത്തത് കൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് 25 ഡോക്ടര്‍മാരടങ്ങിയ സംഘം ഇവിടെ പരിശോധന നടത്തിയത്.