കായംകുളം കറ്റാനം വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്കുശ്രമിച്ചു. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും തിരുവനന്തപുരം സ്വദേശിയുടെ ആര്ഷ് ആണ് കൈ ഞരമ്പ് മുറിച്ചത്. ഭക്ഷണം കഴിക്കാന്‍ പുറത്തെ ഹോട്ടലില്‍ പോയതിന് വിദ്യാര്‍ഥികളോട് വിശദീകരണം ചോദിച്ചതാണ് കാരണം.
ഇന്നലെ രാത്രിയിലാണ് രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി കറ്റാനം വെള്ളാപ്പള്ളി കോളജിന്റെ ഹോസ്റ്റലില്‍ കൈഞരമ്പ് മുറിച്ചത്. രക്തം വാര്‍ന്നുതുടങ്ങിയപ്പോള്‍ തൂങ്ങിമരിക്കാനും നീക്കം നടത്തി. ഇത് സഹപാഠികള്‍ കണ്ടെതിനാല്‍ അപകടം ഒഴിവായി. ഉടന്‍തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പുറത്തുപോയി ഭക്ഷണം കഴിച്ചതിന് മാനേജ്മെന്റ് താക്കീത് നല്‍കിയിരുന്നു. മാത്രമല്ല വിദ്യാര്‍ഥികളുടെ വീട്ടില്‍ ഇക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു.
തുടര്‍ന്നായിരുന്നു രണ്ടാംവര്‍ഷക്കാരന്റെ ആത്മഹത്യാ ശ്രമം. കോളജ് മാനേജ്മെന്റ് വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥിസംഘടനകള്‍ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. എന്നാല്‍ കുട്ടികള്‍ തെറ്റുചെയ്താല്‍ അത് വീട്ടില്‍ വിളിച്ചറിയിക്കാനുള്ള തീരുമാനം പിടിഎ കൈക്കൊണ്ടിട്ടുണ്ടെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.