ആത്മഹത്യ ചെയ്യാനായി അമ്മ തീകൊളുത്തിയതു കണ്ടു രക്ഷിക്കാനോടിച്ചെന്ന മക്കളെ മരണം കവർന്നു. മോസിപുര ഗ്രാമത്തിലാണു മൂന്നു കൊച്ചു പെൺകുട്ടികളുടെ ദാരുണ മരണം. എഴുപതു ശതമാനം പൊള്ളലേറ്റ അമ്മ ജബൽപുരിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ. അമ്മ റാണി ലോധി (30) തീയ്ക്കുള്ളിൽ പിടഞ്ഞു നിലവിളിക്കുന്നതു കണ്ടാണു വീട്ടിലുണ്ടായിരുന്ന മക്കൾ തുൾസ (രണ്ട്), മുസ്കാൻ (അഞ്ച്), മാൻസി (ഏഴ്) എന്നിവർ കരഞ്ഞുകൊണ്ട് അടുത്തുചെന്നത്. കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് ഉടൻ തീ പടർന്നു പിടിക്കുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ മൂന്നുപേരും മരിച്ചു. മാറാരോഗം മൂലമാണു താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നു യുവതി മൊഴി നൽകിയെങ്കിലും കുടുംബ കലഹമാണ് യഥാർഥ കാരണമെന്നു പൊലീസ് സംശയിക്കുന്നു.
Advertisement