മലയോര ഹൈവേയുടെ ഭൂമി അളക്കാൻ നീക്കം; പ്രതിഷേധം

തൃശൂര്‍ ചെന്നായ്പ്പാറയില്‍ മലയോര ഹൈവേയുടെ ഭൂമി അളക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രതിഷേധം. നഷ്ടപ്പെടുന്ന ഭൂമിയ്ക്കു ധനസഹായം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. അതേസമയം, ഭൂരിഭാഗം ജനങ്ങള്‍ക്കും മലയോര ഹൈവേ വേണമെന്നാണ് അഭിപ്രായമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. 

മലയോര ഹൈവേ കടന്നുപോകുന്ന മേഖലയില്‍ വഴി അളക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. പുത്തൂര്‍ പഞ്ചായത്തിലെ ചെന്നായ്പ്പാറ മേഖലയില്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ നാട്ടുകാര്‍ അമര്‍ഷം രേഖപ്പെടുത്തി. ഭൂമി ഏറ്റെടുക്കുമ്പോള്‍ സാമ്പത്തിക സഹായം നല്‍കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പക്ഷേ, മലയോര ഹൈവേ പദ്ധതിയില്‍ പൊളിക്കുന്ന കെട്ടിടത്തിനു മാത്രമാണ് നഷ്ടപരിഹാരം. ഭൂമിയ്ക്കോ കാര്‍ഷിക വിളകള്‍ക്കോ നഷ്ടപരിഹാരമില്ല. ഹൈവേയ്ക്ക് എതിരല്ലെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷേ, നാട്ടുകാരുടെ സങ്കടം കൂടി കേള്‍ക്കണമെന്നാണ് ആവശ്യം. നഷ്ടപരിഹാരം കിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

അതേസമയം, തൃക്കൂര്‍, പാണഞ്ചേരി പഞ്ചായത്തുകളില്‍ ഭൂമി അളക്കല്‍ പൂര്‍ത്തിയായി. പുത്തൂര്‍ പഞ്ചായത്തിലെ ചെന്നായ്പ്പാറ മേഖലയിലാണ് ആകെയുള്ള പ്രതിഷേധമെന്ന് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നു.  മലയോര ഹൈവേ യാഥാര്‍ഥ്യമായാല്‍ ഭൂ ഉടമകള്‍ക്കു വന്‍സാമ്പത്തിക ലാഭം വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വാഗ്ദാനം. ഭൂമിയ്ക്കു വില കൂടുമെന്നും തദ്ദേശസ്ഥാപന പ്രതിനിധികള്‍ നാട്ടുകാരെ ബോധ്യപ്പെടുത്തി. എതിര്‍പ്പ് രൂക്ഷമായാല്‍ മലയോര ഹൈവേയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമോയെന്ന ആശങ്കപ്പെടുന്നവരും ഏറെയാണ്.