കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി കൊച്ചിയിലെ സിഖ് സമൂഹം

ശരീരത്തില്‍ ഓക്സിജന്റെ അളവുകുറഞ്ഞ് പ്രതിസന്ധിയിലാകുന്ന കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി കൊച്ചിയിലെ സിഖ് സമൂഹം. കൊച്ചി ഗുരുദ്വാരയുടെ നേതൃത്തില്‍ നാല്‍പത് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് തയാറാക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉപകരണം ലഭ്യമാക്കും. വിഡിയോ റിപ്പോർട്ട് കാണാം. 

പ്രാണവായുവിനുവേണ്ടി നെട്ടോട്ടമോടുന്ന ഈ ദൃശ്യങ്ങള്‍ ഇനി ഒരിടത്തും ആവര്‍ത്തിക്കരുത്. ശരീരത്തില്‍ ഓക്സിജന്റെ അളവുകുറഞ്ഞാല്‍ സിലിണ്ടറുകളും കോണ്‍സന്‍ട്രേറ്ററുകളുംമാത്രമാണ് പരിഹാരം. കേരളത്തില്‍ ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയില്ലെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് ഈ ഉപകരണങ്ങള്‍ കൊച്ചിയിലെ സിഖ് സമൂഹം ഒരുക്കിയിരിക്കുന്നത്. ഖല്‍സ എയ്ഡ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുമായി സഹകരിച്ച് കൊച്ചിയിലെത്തിച്ച നാല്‍പത് ഉപകരണങ്ങളില്‍ പത്തെണ്ണം ഐഎംഎയ്ക്കും പത്തെണ്ണം ആരോഗ്യകേരളത്തിനും കൈമാറി. ബാക്കിയുള്ള ഇരുപതെണ്ണം ഗുരുദ്വാരയില്‍നിന്ന് ആവശ്യക്കാര്‍ക്ക് നല്‍കും.

ഡോക്ടറുടെ നിര്‍ദേശാനുസരണം സമീപിക്കുന്നവര്‍ക്ക് ഉപകരണം നല്‍കും. ആദ്യം കൊണ്ടുപോകുന്നവര്‍ തിരികെ എത്തിക്കുന്ന മുറയ്ക്ക് അടുത്തയാള്‍ക്ക് നല്‍കും. ഖല്‍സ എയ്ഡ് ഇന്റര്‍നാഷണല്‍ ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.