വാക്സീൻ വിതരണത്തിൽ തിരിമറി; കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതി

യുഡിഎഫ് ഭരിക്കുന്ന കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ വാക്സിന്‍ വിതരണത്തിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ക്രമക്കേട് നടത്തിയ പ്രസിഡന്‍റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ധര്‍ണ സംഘടിപ്പിച്ചു. ഭരണകക്ഷി അംഗങ്ങള്‍ അടുത്ത ബന്ധുക്കളെ കോവിഡ് മുന്നണി പോരാളികളുടെ പട്ടികയില്‍ തിരുകിക്കയറ്റി വാക്സിന്‍ നല്‍കിയെന്നാണ് ആരോപണം. 

കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള മുന്‍ഗണനാ പട്ടികയില്‍ പെടുത്തി പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ബന്ധുക്കള്‍ക്ക് വാക്സിന്‍ നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. പഞ്ചായത്ത് പ്രസിഡന്‍റ  ഗ്രേസി ദയാനന്ദന്‍റെ മകന്‍ ദേവാനന്ദ്, ഭാര്യ ദീപ്തി ദേവാനന്ദ് എന്നിവര്‍ക്ക് സന്നദ്ധ സേവാ വോളണ്ടിയര്‍ എന്ന പേരിലാണ് വാക്സിന്‍ നല്‍കിയത്. വൈസ് പ്രസിഡന്‍റ് കെ എന്‍ കൃഷ്ണകുമാര്‍ ഭാര്യ രജനി കൃഷ്ണകുമാറിനും മകള്‍ അഖില കൃഷ്ണകുമാറിനും ഇതേ തരത്തില്‍ വാക്സിന്‍ നല്‍കി.  വാക്സിന്‍ ലഭിച്ചവരുടെ പട്ടികയടക്കം എല്‍ഡിഎഫ് പുറത്ത് വിട്ടു. ഭരണകക്ഷിയിലെ മറ്റ്അംഗങ്ങളും അവരുടെ ബന്ധുക്കളെ  കോവിഡ് മുന്നണി പോരാളികളുടെ പട്ടികയില്‍ തിരുകിക്കയറ്റി വാക്സിന്‍ നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ക്രമക്കേട് നടത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്തിന് മുന്നിലും പഞ്ചായത്തിലെ 34 കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. എന്നാല്‍ പഞ്ചായത്തിലെ കോവിഡ് ബാധിതര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയതിനാലാണ് ഇവരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രസിഡന്റിന്‍റെ വിശദീകരണം.