'അതിഥി'കളെ യാത്രയാക്കി തൃശ്ശൂരും; മടങ്ങാൻ സന്നദ്ധരായി കൂടുതൽ തൊഴിലാളികൾ

തൃശൂരില്‍നിന്ന് യു.പിയിലേക്ക് ആയിരത്തിലേറെ അതിഥി തൊഴിലാളികളെ ട്രെയിനില്‍ യാത്രയാക്കി. നാളെ ഉച്ചയോടെ ഇവര്‍ ലക്നൗ സ്റ്റേഷനില്‍ എത്തും. തൃശൂര്‍ റയില്‍വേ സ്റ്റേഷനു മുമ്പിലുള്ള കാഴ്ചയാണിത്. സ്വന്തം നാടായ യു.പിയിലേയ്ക്കു മടങ്ങാന്‍ ട്രെയിന്‍ കയറാനെത്തിയവരാണ്. 

1120 അതിഥി തൊഴിലാളികള്‍. ഇവരെ, തൃശൂരില്‍ നിന്ന് യാത്രയാക്കി. നാട്ടിലേയ്ക്കു പോകാന്‍ സന്നദ്ധരാണെന്ന് അറിയിച്ചവരെയാണ് യാത്രയാക്കിയത്. 

കെട്ടിടനിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവരാണ് ഇവര്‍. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും അതിഥി തൊഴിലാളി ക്യാംപുകളില്‍ നിന്നുള്ള കൃത്യമായ കണക്കുണ്ട്. കരാറുകാരുമായി ബന്ധപ്പെട്ട് ഇവരുമായി പൊലീസും ആരോഗ്യപ്രവര്‍ത്തകരും സംസാരിച്ചു. കുടുംബസമേതം നാട്ടിലേയ്ക്കു മടങ്ങാന്‍ പലരും സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെയാണ്, 1120 പേരെ കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളാണ് ഇവര്‍. യു.പിക്കാരായ ഒട്ടേറെ പേര്‍ ഇനിയും ജില്ലയില്‍ കഴിയുന്നുണ്ട്. നാട്ടിലേയ്ക്കു മടങ്ങാന്‍ പലരും തയാറുമാണ്. പക്ഷേ, വീണ്ടും ട്രെയിന്‍ അനുവദിച്ചാല്‍ മാത്രമേ പോകാന്‍ കഴിയൂ. 

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള നാല്‍പതിനായിരം പേര്‍ ജില്ലയില്‍ നിന്ന് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരെ, അവരവരുടെ നാടുകളില്‍ എത്തിക്കാന്‍ സമയമെടുക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അനുമതി കൂടി പ്രധാനമാണ്. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണം ട്രെയിനില്‍ ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഷന്‍ പരിസരത്ത് കനത്ത ജാഗ്രതയോടെയാണ് ആരോഗ്യപ്രവര്‍ത്തകരും പൊലീസും നിന്നിരുന്നത്. മാസ്ക്കും കയുറകളും ധരിച്ചിരുന്നു.