ചരിഞ്ഞ കാട്ടാനയെ സംസ്കരിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു; ഉറപ്പുകൾ വാങ്ങി നാട്ടുകാർ

എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്പുഴയിൽ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയെ കൊണ്ടുപോകാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. വന്യമൃഗശല്യത്തിന് പരിഹാരവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

ക്രെയിനിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനുശേഷമാണ് കുട്ടമ്പുഴ ആനക്കയത്ത് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിന് വെളിയിലെത്തിക്കാനായത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ കാട്ടാന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈൻ പൊട്ടിവീണ് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം ആനയെ കാട്ടിലെത്തിച്ച് സംസ്കരിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. ആനയെ റോഡിലെത്തിച്ചതോടെ നാട്ടുകാർ തടഞ്ഞു. തകർന്ന് കിടക്കുന്ന വേലി നന്നാക്കുക , വേലി ഇല്ലാത്ത സ്ഥലത്ത് ഉടനടി  സ്ഥാപിക്കുക , കൃഷിക്ക് നഷ്ടപരിഹാരം നൽകുക, തകർന്ന വൈദ്യുതി സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ 2 മണിക്കൂർ തടഞ്ഞു വച്ചു.

ആവശ്യങ്ങൾ ഉടനടി നടപ്പാക്കാമെന്ന് വനംവകുപ്പ്  ഉറപ്പ് നൽകിയതോടെ നാട്ടുകാർ പിൻമാറി. തുടർന്ന് ആനയെ കുട്ടമ്പുഴ അട്ടിക്കളംഭാഗത്തെ വനത്തിൽ എത്തിച്ചു. ആനകളെ ഓടിച്ച് വിടുന്നതിന് നിലവിലുള്ള വാച്ചർമാരെ ഡ്യൂട്ടിക്കിടുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ വാച്ചർമാരെ ഇവിടെ നിയമിക്കുമെന്നും വനംവകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകി.