കോതമംഗലത്തെ മാലിന്യം നീക്കം നിലച്ചു

നാട്ടുകാരുടെ പ്രതിഷേധത്തില്‍ മാലിന്യനീക്കം പൂര്‍ണമായി നിലച്ച കോതമംഗലത്ത് സ്ഥിതി രൂക്ഷം . നഗരസഭ സ്ഥിരമായി മാലിന്യംതള്ളുന്ന കുമ്പളത്തുമുറിയില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഇതിനിടെ മാലിന്യംസംസ്കരിക്കാന്‍ വേണ്ട സംവിധാനം ഒരുക്കുന്നതിലെ വീഴ്ച ആരോപിച്ച് നഗരസഭ ചെയര്‍പെഴ്സണെ പ്രതിപക്ഷം ഉപരോധിച്ചു.

കോതമംഗലം ചീഞ്ഞുനീറാന്‍ തുടങ്ങിയിട്ട് രണ്ടുദിവസമായി. നഗരസഭ സ്ഥിരമായി മാലിന്യംതള്ളുന്ന കുമ്പളത്തുമുറിയില്‍ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത് ഗതികേട് കൊണ്ടാണ്. കനത്തമഴ കൂടിയായതോടെ കുമ്പളത്തുമുറിയിലും സമീപപ്രദേശങ്ങളിലും ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ഒഴുകിയെത്തിയതോടെയാണ് നാട്ടുകാര്‍ പൊറുതിമുട്ടി പ്രതിഷേധിച്ചത്. കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി മാലിന്യം കൊണ്ടുവന്ന് കുന്നുകൂട്ടിയിടുന്നതല്ലാതെ അത് സംസ്കരിക്കാന്‍വേണ്ട ചെറിയ സംവിധാനം പോലും നഗരസഭ ഒരുക്കിയിട്ടില്ല. മാലിന്യപ്രശ്നം . ഇത് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷമായ ഇടത്കൗൺസിലർമാർ നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജുവിനെ ഉപരോധിച്ചത്.

എന്നാൽ ഇപ്പോഴത്തെ മാലിന്യപ്രശ്നം രാഷ്ട്രീയപ്രേരിതമാണെന്ന് മാത്രമാണ് നഗരസഭ ചെയർപേഴ്സണിന്റെ  ആരോപണം.