സിറോ മലബാർസഭാ വ്യാജരേഖകേസ്; പ്രതിയെ പൊലീസ് മർദിച്ചതിൽ പ്രതിഷേധം ശക്തം

സിറോ മലബാർ സഭാ വ്യാജരേഖകേസിൽ  പ്രതിയായ  ആദിത്യ സക്കറിയയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോന്തുരുത്തി ഇടവക ജനകീയ സമിതി. പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി ഈ മാസം 13 ന് കൊച്ചി ഐ ജി ഓഫീസിലേയ്ക്ക് മാർച്ച് സംഘടിപ്പിക്കും. 

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയെന്ന കേസിലാണ് കൊച്ചി കോന്തുരുത്തി സ്വദേശി ആദിത്യയെ പോലീസ് അറസ്റ്റു ചെയ്തത്. 72 മണിക്കൂറോളം കസ്റ്റഡിയിൽവച്ച ആദിത്യയെ പൊലീസ് മർദിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദിത്യയും പിതാവും ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ പോലീസ് നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണം. ശനിയാഴ്ച രാവിലെ വഞ്ചി സ്ക്വയറിൽ നടക്കുന്ന  പ്രതിഷേധ യോഗത്തിലും വൈകിട്ടത്തെ  ഐ ജി ഓഫീസ് മാർച്ചിലും എറണാകുളം അങ്കമാലി അതിരൂപതയിലെ മുന്നൂറിലധികം പള്ളികളിൽനിന്ന് വിശ്വാസികൾ പങ്കെടുക്കുമെന്ന് സമര സമതി വ്യക്തമാക്കി.

കസ്റ്റഡി മർദനത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പിയെ ഐ ജി   സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. ഭൂമി വിൽപനക്കേസിൽ ഉന്നതരെ രക്ഷിക്കുന്നതിന് അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും പൊലീസ് പ്രതികളാക്കുകയാണെന്നും ജനകീയ സമിതി ആരോപിക്കുന്നു.