ഓണവിപണി ലക്ഷ്യമിട്ട വാഴ കൃഷി നശിച്ചു

മാള അന്നമനടയില്‍ ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴ കൃഷി വ്യാപകമായി നശിച്ചു. വാഴകളില്‍ ബാധിച്ച കേടാണ് വില്ലനായത്. 

കഴിഞ്ഞ തവണ വാഴ കൃഷി പ്രളയം കൊണ്ടുപോയി. ഇക്കുറി, ഏറെ പ്രതീക്ഷയോടെ നടത്തിയ വാഴ കൃഷിയാകട്ടെ പ്രത്യേക കേട് ബാധിച്ച് നശിച്ചു. പോളകള്‍ ചീയുന്നതാണ് രോഗബാധ. കുല വരാറാറയതും കുല വന്നതുമായ വാഴകള്‍ ദിവസേന ഒടിഞ്ഞു വീണ അവസ്ഥയായി. ആയിരത്തോളം വാഴകള്‍ ഇതിനോടകം ഒടിഞ്ഞു വീണു. 

വാഴയില വെട്ടിമാറ്റി രോഗബാധയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കുടുംബശ്രീ കൂട്ടായ്മ നട്ട വാഴകളും നശിച്ചു.വായ്പയെടുത്താണ് പല കര്‍ഷകരുടെ വാഴക്കൃഷി നടത്തിയത്. വാഴകള്‍ നശിച്ചതോടെ വായ്പ തിരിച്ചടവും മുടങ്ങും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് കര്‍ഷകര്‍ക്കും അറിയില്ല.