പ്രളയക്കെടുതിയുടെ ഇരകളെ സഹായിക്കാന്‍ ഫൊട്ടോ പ്രദര്‍ശനം

 പ്രളയക്കെടുതിയുടെ ഇരകളായവരെ സഹായിക്കാന്‍ തൃശൂരില്‍ യുവാവിന്റെ ഫൊട്ടോ പ്രദര്‍ശനം. തൃശൂര്‍ എളവള്ളി സ്വദേശിയായ രാഹുല്‍ രവിയാണ് നൂറോളം ഫൊട്ടോകള്‍ ലളിതകലാ അക്കാദമിയില്‍ ഒരുക്കിയത്.      

 ഈ ഫൊട്ടോപ്രദര്‍ശനം പ്രളയക്കെടുതിയുടെ ഇരകളെ സഹായിക്കാനാണ്. ഫൊട്ടോ വാങ്ങിയാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാാം. കേരളതനിമയുള്ള കലകളുണ്ട് ഫൊട്ടോകളില്‍. ഉല്‍സവങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങി നിരവധിയിനം ഫൊട്ടോകള്‍. ശബരിമലയിലെ സംഘര്‍ഷം ഉള്‍പ്പെടെ സമകാലിക വിഷയങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാഹുല്‍ രവിയുടെ കാമറ ലെന്‍സില്‍ പതിഞ്ഞ ചിത്രങ്ങള്‍ ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ കാണാം. മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈതാങ്ങാകും ഈ പ്രദര്‍ശനം. 

തെരഞ്ഞെടുക്കുന്ന ഫൊട്ടോ ഫ്രയിം ചെയ്ത് വീട്ടിലെത്തിക്കും. ആയിരം രൂപയാണ് ഒരു ഫൊട്ടോയുടെ വില. സമാഹരിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും.