കെട്ടിടം നിർമിച്ച് 14 വർഷമായിട്ടും വൈദ്യുതിയില്ലാതെ അംഗൻവാടി

സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിച്ച തൃശൂര്‍ പുതുക്കാട് മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍ കിട്ടാതെ അംഗന്‍വാടി ജീവനക്കാര്‍ പതിനാലു വര്‍ഷമായി നട്ടംതിരിയുന്നു. തൃശൂര്‍ പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാള്‍ അംഗന്‍വാടിയിലാണ് ഈ ദുരിതം.  

ഈ അംഗന്‍വാടി കെട്ടിടം നിര്‍മിച്ചിട്ട് പതിനാലുവര്‍ഷമായി. പട്ടികജാതി വികസന ഫണ്ടായിരുന്നു തുണ. പക്ഷേ, ഒന്നര പതിറ്റണ്ടു കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല. പത്തു കുട്ടികള്‍ ഇവിടെ പഠിക്കുന്നു. എമര്‍ജന്‍സി ലൈറ്റ് വേണം പാചകപുരയില്‍ വെളിച്ചം കിട്ടാന്‍. മഴക്കാലത്ത് ഇരുട്ടിലിരുന്നു വേണം കുട്ടികള്‍ക്ക് പഠിക്കാന്‍ . വേനല്‍ക്കാലത്താണെങ്കില്‍ കനത്ത ചൂടില്‍ കുട്ടികള്‍ കഷ്ടപ്പെടും. വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ അംഗന്‍വാടി ജീവനക്കാര്‍ പല ഓഫിസുകള്‍ കയറിയിറങ്ങി. പഞ്ചായത്ത് അധികൃതരാകട്ടെ ഒരോ കാരണങ്ങള്‍ പറഞ്ഞ് തടിയൂരും. കെട്ടിടത്തിന്റെ വയറിങ് ജോലികള്‍ പൂര്‍ത്തിയായതാണ്. 

സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന കുട്ടികളുടെ ആശ്രയ കേന്ദ്രം കൂടിയാണ് ഈ അംഗന്‍വാടി. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ മണ്ഡലം കൂടിയാണിത്. മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അനുകൂല സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അംഗന്‍വാടി ജീവനക്കാര്‍.