പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലി‍ക മേല്‍ക്കൂര

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലി‍ക മേല്‍ക്കൂരയുടെ ആശ്വാസമൊരുക്കുന്ന പദ്ധതിക്ക് തുടക്കം. ബെംഗളൂരു ആസ്ഥാനമായ സംഘടനയാണ് മൂന്നുമണിക്കൂര്‍കൊണ്ട് താല്‍ക്കാലിക വീട് നിര്‍മിക്കുന്ന ആശയം നടപ്പാക്കിയിരിക്കുന്നത്.

ആലപ്പുഴ– ചങ്ങനാശേരി എ.സി റോ‍‍ഡരുകില്‍ മൂന്നുമണിക്കൂര്‍കൊണ്ട് നൂറ്റിയന്‍പത് ചതുരശ്രയടിയില്‍ ഒരു വീട്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സത്യമാണ്. കനകദാസ് – ഷിജി ദമ്പതികള്‍ക്കായി ബെംഗളൂരു ആസ്ഥാനമായ പ്രൊജക്ട് വിഷനെന്ന സംഘടനയാണ് വീട് നിര്‍മിച്ച് ന‍ല്‍കിയത്. പ്രത്യേകം വളച്ചെടുത്ത കമ്പി തറയിലുറപ്പിച്ചശേഷം പതിനഞ്ചടി നീളമുള്ള ട്രഫോഡ് ഷീറ്റുകളും പ്ലൈവുഡും ഉപയോഗിച്ചായിരുന്നു നിര്‍മാണം.

ഇരുപത്തിയയ്യായിരം രൂപയാണ് ഒരു വീടിന്‍റെ നിര്‍മാണച്ചെലവ്. വിവിധ സംഘടനകളുമായി സഹകരിച്ച് വിവിധ ജില്ലകളിലായി വീടുകള്‍ നിര്‍മിച്ചു നല്‍കും. വയനാട്ടില്‍ നിര്‍മിക്കുന്ന 530 വീടുകളുടെ നിര്‍മാണം തിങ്കളാഴ്ച ആരംഭിക്കും. പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കുന്ന ആശയമായതിനാല്‍ സര്‍ക്കാരിന്‍റെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍ .