കമ്പിപ്പാലത്ത് പാടം നികത്തി കരഭൂമിയാക്കാന്‍ പുത്തന്‍വിദ്യ

കുന്നംകുളം പാറേംപാടം കമ്പിപ്പാലത്ത് പാടം നികത്തി കരഭൂമിയാക്കാന്‍ പുത്തന്‍വിദ്യ. വയലില്‍ കുഴികളെടുത്ത് ചകിരിയിട്ട് നിറച്ചാണ് ഭൂമി ഉയര്‍ത്തുന്നത്. പുറമെ നിന്ന് ഒരുതരി മണ്ണു പോലും ഉപയോഗിക്കാതെയാണ് ഈ പാടം നികത്തല്‍.   

പാടത്തേയ്ക്കു ലോറിയില്‍ മണ്ണടിച്ചാല്‍ പുറംലോകമറിയും. പൊല്ലാപ്പാകും. പരാതി, കേസ് അങ്ങനെ നൂറുനടപടിക്രമങ്ങള്‍. ഇതൊഴിവാക്കാനുള്ള പുതിയ വിദ്യയാണ് കുന്നംകുളത്ത് പരീക്ഷിച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍ പാടമാണ് നികത്തിയത്. 

വയലില്‍ അഞ്ചടി താ‍ഴ്ച്ചയില്‍ കു‍ഴികളെടുത്ത് അതില്‍ ചകിരിയും, ഓലമടലുകളും നിറയ്ക്കുന്നതാണ് ആദ്യ ഘട്ടം. കു‍ഴിയില്‍ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ഇതിനു മുകളില്‍ നിരത്തും. ഫലത്തില്‍ നാലടിയോളമാണ് ഭൂ പ്രദേശം ഉയരുന്നത്. ഇങ്ങനെ ഉയര്‍ത്തിയെടുക്കുന്ന സ്ഥലത്ത് മാവിന്‍ തൈകള്‍ നട്ട് വളര്‍ത്തി കരഭൂമിയാക്കി മാറ്റുകയാണ് തന്ത്രം.

നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വില്ലേജ്, താലൂക്ക് ,പൊലീസ് ഉദ്യോസ്ഥരോ നടപടിയെടുത്തില്ല. മ‍ഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമാണിത്. വയല്‍ നികത്തല്‍ മൂലം പ്രതിസന്ധി രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിയമലംഘനം തുര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.