കുട്ടനാട്ടില്‍ വരള്‍ച്ച ബാധിച്ച പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന

കുട്ടനാട്ടിലെ വരള്‍ച്ച ബാധിച്ച പാടശേഖരങ്ങളില്‍നിന്ന് കൃഷിനാശത്തിന്‍റെ കൃത്യമായ കണക്കെടുക്കുന്നതിന് കൃഷിവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. നാലുദിവസംകൊണ്ട് ആയിരം ഹൈക്ടര്‍ സ്ഥലത്ത് പരിശോധന നടത്താനാണ് തീരുമാനം. കൃഷിമന്ത്രി നേരിട്ട് പാടങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടനാട്ടിലെ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ ബ്ലോക്കുകളിലായി ആയിരം ഹെക്ടര്‍ സ്ഥലത്തെ കൃഷി വരള്‍ച്ചയെ തുടര്‍ന്ന് പുളിപ്പും കരിച്ചിലും ബാധിച്ച് നശിച്ചുവെന്നാണ് കൃഷിവകുപ്പിന്‍റെ കണ്ടെത്തല്‍ . ഇതോടൊപ്പം മാന്നാര്‍ പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളിലും, ചെന്നിത്തല രണ്ടാം ബ്ലോക്കിലെ എട്ട് പാടശേഖരങ്ങളിലുമായി അഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്ത് വരിനെല്ല് ബാധിച്ചും കൃഷി നശിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിന്‍റെ ഗണത്തില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി പാടങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ കണക്കെടുക്കുന്നതിനാണ് കൃഷിവകുപ്പിന്‍റെ കീഴിലുള്ള കേരള സെന്‍റര്‍ ഫോര്‍ പെസ്റ്റ് മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്.

ലക്നൗ ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന. ഡ്രോണ്‍ ഉപയോഗിച്ച് ഹൈറെസല്യൂഷനുള്ള ചിത്രങ്ങളെടുത്തശേഷം പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മാപ്പ് തയാറാക്കും. തുടര്‍ന്ന് വിവരങ്ങള്‍ വിശകലനം ചെയ്തശേഷം ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കും. ഏകദേശ കണക്കിന് പകരം കൃഷിനാശത്തിന്‍റെ കൃത്യമായ കണക്കുകളും ചിത്രങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ നേട്ടം. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ സംഭരണ രസീത് പരിശോധിച്ചശേഷം ശരാശരി വിളവില്‍നിന്നുള്ള കുറവ് നഷ്ടമായി കണക്കാക്കി അതിന് നഷ്ടപരിഹാരം നല്‍കാനാണ് കൃഷിവകുപ്പിന്‍റെ തീരുമാനം.