ജപ്തി നടപടികൾക്കിടെ വീട്ടമ്മ ജീവനൊടുക്കി; ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

bank-loan
SHARE

ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടികൾക്കിടെ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തതില്‍ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ജപ്തി നടപടികൾക്ക് നേതൃത്വം നൽകിയ ബാങ്ക് ജീവനക്കാരി വീട്ടമ്മയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. പൊള്ളലേറ്റ വീട്ടമ്മയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും ആരോപണം.

ആശാരിക്കണ്ടത്തുള്ള വീടും സ്ഥലവും മരിച്ച ഷീബയും കുടുംബവും 2017 ലാണ് വാങ്ങിയത്. മുൻ ഉടമയായ ജോസഫ് ആന്‍റണി സ്ഥലത്തിന്‍റെ ആധാരം സ്വകാര്യ ബാങ്കിൽ ഈട് നൽകി 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് വായ്പ നിലനിർത്തി സ്ഥലം നവജ്യോതിയെന്നയാൾക്ക് വിറ്റു. ഇവരിൽ നിന്നാണ് ഷീബയും കുടുംബവും 41 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയത്. ബാങ്ക് വായ്പയിൽ 15 ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു കരാർ. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തിക്കെത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ജപ്തി തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനാൽ 22 ആം തീയതി വരെ സമയം അനുവദിക്കണമെന്ന ആവശ്യം ബാങ്ക് അധികൃതർ അംഗീകരിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം 

തീ കത്തിയതിന് ശേഷം രക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടും ബാങ്ക് ജീവനക്കാരും പൊലീസും തയാറായില്ലെന്നുമാണ് ആരോപണം . എന്നാൽ നിയമനടപടികൾ പാലിച്ചാണ് ജപ്തി നടത്താൻ എത്തിയതെന്നാണ് സ്വകാര്യ  ബാങ്കിന്‍റെ വിശദീകരണം. 

MORE IN CENTRAL
SHOW MORE