പദ്ധതികളുമില്ല, ആനുകൂല്യങ്ങളുമില്ല; കരിമ്പുകൃഷി ഉപേക്ഷിച്ച് കർഷകർ

കാര്‍ഷിക പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും അഭാവം കാരണം കരിമ്പുകൃഷി ഉപേക്ഷിച്ച് അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ . ഏക്കറുകണക്കിന് കരിമ്പുകൃഷിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് വെറും നാമമാത്രമായ കൃഷി. ശര്‍ക്കരയാട്ടുന്ന ചക്കുകളും ഉപയോഗശൂന്യമായി കിടക്കുകയാണ്. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പമ്പ, മണിമല നദികളുടെ തീരത്താണ് ഒരു കാലത്ത് ഏറ്റവുമധികം കരിമ്പ് വിളഞ്ഞിരുന്നത്. ഇരുന്നൂറും മുന്നൂറും ഏക്കര്‍ കരിമ്പുകൃഷിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് അഞ്ചോ ആറോ ഏക്കര്‍ മാത്രം. 

ഓരോ മഴയിലും ദിവസങ്ങള്‍ പ്രദേശത്ത് വെള്ളം കെട്ടിനില്‍ക്കും. ഇതുമൂലം കൃഷി നശിക്കും. പലരും കൃഷി അവസാനിപ്പിച്ചു. ഏക്കറുകണക്കിന് സ്ഥലമാണ് ഇപ്പോള്‍ തരിശുനിലമായി കി‌ടക്കുന്നത്. പലയിടത്തും ശര്‍ക്കര ആട്ടുന്ന ചക്കുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നു. ഭൗമസൂചികാ പദവി ലഭിച്ച മധ്യതിരുവിതാംകൂറിലെ ശര്‍ക്കര ഏറെ പ്രസിദ്ധമായിരുന്നു. മറ്റ് കൃഷിയിനങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ കരിമ്പുകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ട സഹായവും പദ്ധതികളും സര്‍ക്കാര്‍ ഇടപെട്ട് ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.