കര്‍ഷകരെ ഭയന്ന് റോഡിലിറങ്ങാന്‍ വയ്യാതെ പഞ്ചാബിലെ ബിജെപി സ്ഥാനാര്‍ഥികള്‍

കര്‍ഷകരെ ഭയന്ന് റോഡിലിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് പഞ്ചാബിലെ ബിജെപി സ്ഥാനാര്‍ഥികള്‍. ഗുരുദാസ്പൂരിലും പട്യാലയിലും സ്ഥാനാര്‍ഥികളെ കര്‍ഷകര്‍ വഴിയില്‍ തടഞ്ഞു. പഞ്ചാബിലെ 13 ലോക്‌സഭ സീറ്റുകളിലും ജൂണ്‍ ഒന്നിനാണ് വോട്ടെടുപ്പ്. 

ഗുരുദാസ്‌പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ദിനേശ് സിങ് ബബ്ബുവിന്‍റെ വാഹനവ്യൂഹം വഴിയില്‍ തടഞ്ഞിട്ടിരിക്കുകയാണ് കര്‍ഷകര്‍. കര്‍ഷക പ്രക്ഷോഭങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോകുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഈ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക്. 

പട്യാലയിലെ ബിജെപി സ്ഥാനാര്‍ഥി പര്‍ണീത് കൗറിനെ കര്‍ഷകര്‍ കൂവിയോടിക്കുകയാണ്. മിനിമം താങ്ങുവില എന്ന ആവശ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താത്ത ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വരേണ്ടെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. 

ആവേശം കുറഞ്ഞെങ്കിലും പഞ്ചാബില്‍നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച് ഇപ്പോഴും ശംഭുവടക്കമുള്ള അതിര്‍ത്തികളില്‍ തുടരുകയാണ്. ചണ്ഡിഗഡിലെ കിസാന്‍ഭവനില്‍ സംവാദത്തിനെത്താന്‍ ബിജെപി സ്ഥാനാര്‍ഥികളെ കര്‍ഷക സംഘടനകള്‍ വെല്ലുവിളിച്ചിരുന്നു.  കഴിഞ്ഞതവണ രണ്ട് സീറ്റ് വീതം ബിജെപിയും ശിരോമണി അകാലി ദളും വിജയിച്ചിരുന്നു. കര്‍ഷകപ്രശ്നത്തില്‍ ശിരോമണി,  ബിജെപിയുമായി ഉടക്കി പിരിഞ്ഞു.