വരികള്‍ പരിഷ്കരിച്ചു; ആപ്പിന്‍റെ പ്രചാരണ ഗാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി

aapdance
SHARE

ജയിലിന് മറുപടി വോട്ടിലൂടെയെന്ന ആം ആദ്മി പാർട്ടിയുടെ ലോക്സഭാതിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി. വരികള്‍ പരിഷ്കരിച്ചതോടെയാണ് ഗാനത്തിന് അനുമതി ലഭിച്ചത്. അതിനിടെ, ജനാധിപത്യത്തിനായി നൃത്തം ചെയ്യാം എന്ന പുതിയ പ്രചാരണത്തിനും പാര്‍ട്ടി തുടക്കം കുറിച്ചു. 

ബിജെപിയെയും കേന്ദ്ര ഏജന്‍സികളെയും കണക്കിന് കളിയാക്കി ഒരാഴ്ച മുന്‍പാണ് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കിയത്. എന്നാല്‍ ബിജെപിയുടെ പരാതിയില്‍ ഉടനടി നടപടിയെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനം വിലക്കി. കോടതിയെ കളിയാക്കുന്ന ഗാനമാണ് ആപ്പിന്‍റേത് എന്നായിരുന്നു വാദം. കോടതിയെ അല്ല, കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തിയതിനാല്‍ ഗാനം നിരോധിക്കുകയാണ് ചെയ്തതെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞതോടെ രാഷ്ട്രീയ വിവാദമുയര്‍ന്നു. എന്നാല്‍ പ്രചാരണ ഗാനത്തിലെ ദൃശ്യങ്ങളില്‍ കോടതി വരാന്തകളടക്കം ഉള്‍പ്പെട്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് പാര്‍ട്ടി പരിഷ്കരിച്ച ഗാനം തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചതും അംഗീകാരം ലഭിച്ചതും. കേജ്‍രിവാളിനെ ജയിലിലിട്ടതിന് പകരമായി ഞങ്ങള്‍ വോട്ട് നല്‍കും എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ഇതിനിടെയാണ്, ഡാന്‍സ് ഫോര്‍ ഡമോക്രസി, അഥവാ ജനാധിപത്യത്തിനായി നൃത്തം ചെയ്യാം എന്ന പുത്തന്‍ പ്രചാരണത്തിന് കൂടി ആം ആദ്മി പാര്‍ട്ടി തുടക്കം കുറിച്ചത്. ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചാണ് പ്രചാരണം. ഡല്‍ഹിയിലെ എല്ലാ ലോക്സഭാമണ്ഡലങ്ങളിലും അന്‍പതോളം ഫ്ലാഷ് മോബുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കേജ്‍രിവാളിന് ഞങ്ങളുടെ പിന്തുണ എന്ന പേരില്‍ ഒപ്പുശേഖരിച്ചും പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്. ഡല്‍ഹിയിലെ ഏഴ് ലോക്സഭാസീറ്റുകളിലേക്കും ഈമാസം 25നാണ് തിരഞ്ഞെടുപ്പ്.

MORE IN INDIA
SHOW MORE