നെല്ല് സംഭരണം നിര്‍ത്തിവെച്ച് മില്ലുടമകൾ; ദുരിതത്തിലായി കര്‍ഷകര്‍; ‘അരിപ്രശ്നം’ രൂക്ഷം

സംസ്ഥാനത്ത് നെല്ല് സംഭരണം പ്രതിസന്ധിയിലാക്കി മില്ലുടമകളുടെ നിസഹകരണ സമരം പരിഹാരമില്ലാതെ തുടരുന്നു. പ്രളയകാലത്തെ കുടിശിക വിതരണത്തിലും ജിഎസ്ടിയില്‍ ഇളവ് നല്‍കുന്നതിലുള്‍പ്പെടെ സര്‍ക്കാര്‍ അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് സമരം. ആറ് വര്‍ഷമായിട്ടും അനുകൂല നടപടിയില്ലാത്ത സാഹചര്യത്തിലാണ് സംഭരണം നിര്‍ത്തിവെച്ചതെന്നാണ് മില്ലുടമകളുടെ വിശദീകരണം. 

സംസ്ഥാന സര്‍ക്കാര്‍ മുന്‍പാകെ മില്ലുടമകള്‍ മുന്നോട്ട് വെച്ചത് നാല് ആവശ്യങ്ങള്‍. മഹാപ്രളയകാലത്ത് നാശനഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്‍റെയും തടഞ്ഞുവെച്ച കൈകാര്യ ചെലവ് തിരിച്ച് നല്‍കുക. പതിനഞ്ച് കോടി രൂപയാണ് ലഭിക്കേണ്ടത്. 2020 നവംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും കുടിശിക തീര്‍ക്കാന്‍ നടപടിയില്ല. നെല്ല് സംഭരണത്തിലെ കൈകാര്യ ചെലവ് വര്‍ധിപ്പിച്ച് തിരികെ നല്‍കേണ്ട അരിയുടെ അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖം തിരിച്ചു. കൈകാര്യ  ചെലവ് 202ല്‍ നിന്ന് 272ലേക്ക് ഉയര്‍ത്തി തിരികെ നല്‍കേണ്ട അരിയുടെ ആനുപാതം 68ല്‍ നിന്ന് 64.5 കുറയ്ക്കണമെന്നുമാണ് ആവശ്യം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടും നടപടിയുണ്ടായില്ലെന്ന് മില്ലുടമകള്‍. ജിഎസ്ടിയിലും ഇളവില്ല. 

നെല്ല് സംഭരണം മുടങ്ങിയിട്ട് ഒരു മാസത്തോട് അടുക്കുന്നു. വിവിധ മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്ന് റൗണ്ട് ചര്‍ച്ചകളും നടന്നു. മില്ലുടമകള്‍ മുന്നോട്ടുവെച്ച് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന പതിവ് പല്ലവിക്കപ്പുറത്തേക്ക് തീരുമാനമില്ല. നാല് ആവശ്യങ്ങളും അംഗീകരിക്കാതെ നെല്ലെടുക്കേണ്ടെന്ന നിലപാടില്‍ മില്ലുടമകളും ഉറച്ചുനില്‍ക്കുന്നതോടെ പരിഹാരം അകലെയാണ്. 

Protests brew over delay in paddy procurement