പാടശേഖരങ്ങളിൽ പറന്നിറങ്ങി ആയിരക്കണക്കിന് കുരുവികൾ; വലഞ്ഞ് കർഷകർ

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുട്ടനാട്ടിലെ നെൽകർഷകർക്ക് ഭീഷണിയായി പക്ഷി ശല്യവും. ആയിരക്കണക്കിന് കുരുവികളാണ് കൊയ്ത്തിന് പാകമായ പാടശേഖരങ്ങളിൽ പറന്നിറങ്ങി നെല്ല് തിന്നു തീർക്കുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്തിൽ കഴിഞ്ഞ വർഷത്തെ കൃഷി നാശത്തിന് നഷ്ടപരിഹാരമായി ലഭിക്കേണ്ട സംസ്ഥാന സര്‍ക്കാരിന്‍റെ വിള ഇൻഷുറൻസും കര്‍ഷകര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല 

കർഷകരുടെ സ്വപ്നങ്ങൾക്കു മേലാണ് ഈ പക്ഷിക്കൂട്ടം പറന്നിറങ്ങുന്നത്. കൊയ്ത്തിന് പാകമായ പാടശേഖരങ്ങളിലെ നെല്ല് മുഴുവൻ ആയിരക്കണക്കിന് കുരുവികൾ തിന്നൊടുക്കുകയാണ്. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഏഴ് പാടശേഖരങ്ങളിൽ കുരുവി ശല്യം രൂക്ഷമാണ്. ഇവ കൂട്ടത്തോടെ കൊയ്ത്തിനും പറന്നിറങ്ങുമ്പോൾ നെൽച്ചെടികൾ ഒടിഞ്ഞു വീഴുന്നതിനാൽ കൊയ്ത്തിനും പ്രയാസം നേരിടും. പടക്കം പൊട്ടിച്ച് ഇവയെ അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമില്ല 

പുന്നപ്രയിലെ കർഷകർക്ക് കഴിഞ്ഞ വർഷത്തെ കൃഷി നാശത്തിനുള്ള വിള ഇൻഷുറൻസും ഇതുവരെ കിട്ടിയിട്ടില്ല. കൃഷി ഓഫീസർ സഹായിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി  പ്രതിസന്ധിയിലായ തങ്ങള്‍ക്ക് സഹായമെത്തിക്കാൻ കൃഷി വകുപ്പ് ഇടപെടൽ ശക്തമാക്കണമെന്നാണ് കർഷകരുടെ ആവശ്യം 

kuttanad farmers crisis