വടാപ്പാറയിലെ തീപിടുത്തത്തിന്റെ കാരണം തേടി ഡി.എഫ്.ഒ

തൃശൂര്‍ അതിരപ്പിള്ളി വടാപ്പാറ മലനിരകളിലെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഡി.എഫ്.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു. എഴുപതു പേരടങ്ങുന്ന സംഘം മുപ്പതു മണിക്കൂറോളം കഷ്ടപ്പെട്ടാണ് കാട്ടുതീ അണച്ചത്. .  

 അതിരപ്പിള്ളി വനംവകുപ്പിന്റെ കീഴിലുള്ള വടാപ്പാറ മലനിരകളില്‍ കാട്ടുതീ പടര്‍ന്നത് ശനിയാഴ്ച ഉച്ചയോടെയായിരുന്നു. രാത്രിയില്‍ തീയുടെ ശക്തി കൂടി. അടിക്കാടും വന്‍മരങ്ങളും കത്തിനശിച്ചു. കാറ്റ് കൂടിയതോടെ തീയും പടര്‍ന്നു. തീ പടരാനിടയുള്ള ഭാഗങ്ങളില്‍ ഉണങ്ങിയ കരിയിലകള്‍ മാറ്റി. പലയിടത്തും ചാലുകള്‍ കോരി. അങ്ങനെയാണ്, തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. മലനിരകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണതാകാം കാരണമെന്ന് സംശയിക്കുന്നു. വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

മുപ്പതു ഹെക്ടര്‍ അടിക്കാടാണ് കത്തിനശിച്ചത്. വന്യജീവികള്‍ തീയിലകപ്പെട്ടില്ലെന്ന് കരുതുന്നു. പൊള്ളുന്ന ചൂടില്‍ ചെറിയൊരു തീപ്പൊരി മതി പടര്‍ന്നു പിടിക്കാന്‍. അതുക്കൊണ്ടുതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.