കാലുകളിൽ മാത്രം വര; സീബ്രയ്ക്ക് കഴുതയിൽ ഉണ്ടായ 'സോങ്കി' കുഞ്ഞ്; വിചിത്രം

സീബ്രയും കഴുതയും ഇണചേർന്ന് ഉണ്ടായ സോങ്കി കുഞ്ഞ്. സോഷ്യൽ മീഡീയയിൽ വൈറൽ ആകുന്നത് ഈ സോങ്കി കുഞ്ഞിന്റെ ചിത്രങ്ങളാണ്. കെനിയയിലെ ഷെൽ ഡ്രിക് വന്യ ജീവി ട്രസ്റ്റ് ആണ് അപൂർവ ചിത്രങ്ങളും അതിന്റെ പിന്നിലെ കഥയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

കഴിഞ്ഞ മെയ് അവസാനമാണ് സാവോ ദേശീയ പാർക്കിനു പുറത്ത് താമസിക്കുന്ന വീട്ടമ്മയുടെ കാലിത്തൊഴുത്തിൽ അലഞ്ഞു തിരിഞ്ഞ് ഒരു സീബ്ര എത്തിയത്. സംഭവം വാർത്തയായതിനെ തുടർന്ന് ഇവിടെയെത്തിയ വനം വകുപ്പ് അധികൃതർ ഉടൻ തന്നെ സീബ്രയെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഷൈലു ദേശീയ പാർക്കിലേക്ക് സീബ്രയെ മാറ്റി പാർപ്പിച്ചു. പുതിയ പ്രദേശവുമായി പെട്ടെന്നു തന്നെ സീബ്ര ഇണങ്ങിച്ചേർന്നു. വന്യ ജീവി സംരക്ഷണ പ്രവർത്തകർ മിക്കവാറും സീബ്രയെ കാണാറുമുണ്ടായിരുന്നു.

ഈ വർഷമാദ്യം ദേശീയ പാർക്കിന്റെ സംരക്ഷണ വേലിയുടെ അറ്റകുറ്റ പണിക്കിറങ്ങിവരാണ് സീബ്രയ്ക്കൊപ്പം കുഞ്ഞിനെ കണ്ടത്. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് സംഭവത്തിന്റെ ട്വിസ്റ്റ് പുറത്തു വരുന്നത്. ഇവർ കുഞ്ഞിനെ ആദ്യം കണ്ടപ്പോൾ മുതൽ ശരീരത്തിൽ വരകൾ കുറവായിരുന്നു. നിറവും വ്യത്യാസപ്പെട്ടിരുന്നു. മറ്റ് സീബ്രകളിൽ നിന്നും വ്യത്യസ്തമായി മണ്ണിന്റെ നിറമായിരുന്നു കുഞ്ഞിന്റെ ശരീരത്തിന്. ചെളിയിൽ കിടന്നതാകാം ശരീരത്തിന് ഈ നിറമാകാൻ കാരണമെന്നാണ് കണ്ടവർ ആദ്യം കരുതിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയാണ് കുഞ്ഞ് സങ്കരയിനമായ സോങ്കിയാണെന്ന് തിരിച്ചറിഞ്ഞത്.

സോങ്കി കുഞ്ഞ് ജനിക്കുകയെന്നത് അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. കഴുതയും സീബ്രയും തമ്മിൽ ഇണചേരുമ്പോഴാണ് സോങ്കി കുഞ്ഞുങ്ങൾ ജനിക്കുന്നത്. ഈ സീബ്ര യുടെ കാര്യത്തിൽ സംഭവിച്ചത് പുതിയ സ്ഥലത്തേക്ക് കൊണ്ട് വരുന്നതിന് മുൻപ് ഏതെങ്കിലും കഴുതയുമായി ഇണ ചേർന്നതാകാമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.നിലവിൽ സോങ്കി കുഞ്ഞിന്റെ കാലുകളിൽ മാത്രമാണ് സീബ്രടേതിനു സമാനമായ വരകളുള്ളത്. ശരീരം മുഴുവൻ തവിട്ട് നിറത്തിലാണ്. സോങ്കി കുഞ്ഞിനും അമ്മ സീബ്രയ്ക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും  ഇരുവരും സുഖമായി ജീവിക്കുന്നുവെന്നും ഷെൽ ഡ്രിക് വന്യ ജീവി വിഭാഗം വ്യക്തമാക്കി.