കാസര്‍കോട് ചെറുവത്തൂര്‍ കുളങ്ങാട്ട് മലയിലെ കാട്ടുതീയില്‍ ഏക്കറുകണക്കിന് വനഭൂമി കത്തിനശിച്ചു. വന്‍മരങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവവൈവിധ്യമാണ് തീ വിഴുങ്ങിയത്.  തീ പടര്‍ന്ന വിവരമറിയാന്‍ വൈകിയതാണ് കുളങ്ങാട്ട് മലയിലെ ഏക്കറുകണക്കിന് വനഭുമി കത്തിനശിക്കാന്‍ ഇടയാക്കിയത്. പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും തീ പടര്‍ന്നുപിടിച്ചു. 

വൈകിയെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മലയുടെ മുകളിലേയ്ക്ക് വാഹനം കയറ്റാന്‍ വഴിയില്ലാത്തത് പ്രതിബന്ധമായി.സമീപത്തെ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലേയ്ക്കും ജനവാസമേഖലയിലേയ്ക്കും തീ പടര്‍ന്നെങ്കിലും നാശനഷ്ടമുണ്ടായില്ല.

കൈതക്കാട് ഭാഗത്തുനിന്ന് കണ്ണങ്കൈമലയരു വരെയുള്ള വനഭൂമി പൂര്‍ണമായി കത്തിയമര്‍ന്നു. കൊടുംചൂടും, വൈകീട്ട് വീശിയ കാറ്റും തീ പടര്‍ന്നു പിടിക്കാന്‍ കാരണമായി. കണ്ണങ്കൈമലയരു ഭാഗം ജനവാസമേഖലയാണ്. ചൂട് ഏറുന്നസാഹചര്യത്തില്‍ ഇനിയും അഗ്നിബാധയുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.