ഇരുമ്പുപാട്ടയുമായി കാവലിരുന്ന് കർഷകർ; തിരിഞ്ഞുനോക്കാതെ അധികൃതർ

എറണാകുളം കോതമംഗലത്തിനടുത്ത് കുട്ടമ്പുഴയില്‍ വന്യമൃഗശല്യം രൂക്ഷം. ആനയും കാട്ടുപന്നിയും പതിവായി കാടിറങ്ങി വിളനശിപ്പിക്കുന്നു. വന്യമൃഗശല്യത്തിന് പരിഹാരംതേടി നാട്ടുകാര്‍ ഓഫിസുകള്‍ കയറിയിറങ്ങിട്ടും ഫലമുണ്ടായില്ല.

വനവും പുഴയും അതിരിടുന്ന കുട്ടമ്പുഴ. കാഴ്ചയിലെ ഭംഗി പക്ഷേ ഇവിടുത്തെ ജീവിതങ്ങള്‍ക്കില്ല. കാരണം വന്യമൃഗശല്യം. ദിവസവും ഒരു പുരയിടമെങ്കിലും വന്യമൃഗങ്ങള്‍ തകര്‍ത്തിരിക്കും. കഴിഞ്ഞദിവസം കാളകൂട്ടുങ്കൽ തങ്കമണിയുടെ വീടിനോട് ചേർന്ന പുരയിടത്തിൽ എത്തിയ കാട്ടു കൊമ്പൻ പുലർച്ചെവരെ ഭീതി പടർത്തി. തെങ്ങ്, കമുക് മുതലായവ മറിച്ചിട്ടു. അത് വൈദ്യുതി ലൈനിൽതട്ടി, കമ്പിപൊട്ടി, വൈദ്യുതിയും തകരാറിലായി.

പൂയംകുട്ടി വെള്ളാരംകുത്ത് പ്രദേശത്തുള്ള പൊട്ടനാനിക്കൽ ശശീന്ദ്രന്റെ ഇരുന്നൂറോളം വാഴകൾ കഴിഞ്ഞ മാസം കാട്ടാന നശിപ്പിച്ചിരുന്നു. രണ്ടാമത് നട്ടുവളര്‍ത്തിയ വാഴകള്‍ക്ക് ഇരുമ്പുപാട്ടയുമായി കാവലിരിക്കുകയാണ് ഈ കര്‍ഷകന്‍. പാട്ടയില്‍ കമ്പികൊണ്ടടിച്ച് ശബ്ദമുണ്ടാക്കിയാണ് ആനകളെ അകറ്റുന്നത്. വനാതിര്‍ത്തിയിലെ ട്രഞ്ചുകളുടെ ആഴം കൂട്ടിയുള്ള പ്രശ്നപരിഹാരമാണ് നാട്ടുകാര്‍ തേടുന്നത്.