ബഫർ സോൺ പ്രഖ്യാപനത്തിൽ അവ്യക്തത തുടരുന്നു; ആശങ്ക

ഇടുക്കി വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശങ്ങളെ ബഫർ സോണായി പ്രഖ്യാപിക്കുന്നതില്‍  അവ്യക്തത തുടരുന്നു. കരടു വിഞ്ജാപനത്തിൽ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സമയ പരിധി ഒക്ടോബർ 14നു അവസാനിക്കുമെന്നിരിക്കെ ജില്ലയിലെ കർഷകർ ആശങ്കയിലാണ്. ബഫർ സോണ്‍ നിർണയത്തിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

2016ല്‍ പ്രഖ്യാപിച്ച കാലഹരണപ്പെട്ടുപോയ കരടു വിജ്ഞാപനത്തിനു പകരമായാണു കഴിഞ്ഞ ഒാഗസറ്റ് 13നു പുതിയ വിജ്ഞാപനം ഇറങ്ങിയത്. 60 ദിവസമാണു ഈ വിജ്ഞാപനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ നൽകിയ സമയം.  പുതുക്കിയ വിജ്ഞാപന പ്രകാരം വന്യജീവി സങ്കേതത്തിന്റെ ചുറ്റും 450 മീറ്റർ മുതൽ 1 കിലോമീറ്റർ വരെയുള്ള ദൂരം ബഫര്‍ സോണായി മാറും. ഇതോടെ 88.238 ചതുരശ്ര കിലോമീറ്റർ ഭൂമി പരിസ്ഥിതി ലോല മേഖലയാവും. ഇതിൽ 24 ച.കിലോമീറ്റർ കൃഷി ഭൂമിയാണ്. ബഫർ സോണായി മാറുന്നതോടെ പല നിയന്ത്രണങ്ങളും ഇവിടെ നിലവിൽ വരും. 2106ൽ കേരളം നൽകിയ ശുപാർശ പ്രകാരം 1.36 ചതുരശ്രകിലോമീറ്റർ മാത്രമായിരുന്നു ബഫർ സോണിന്റെ പരിധി. ഈ നിർദേശം പുതിയ വിജ്ഞാപനത്തിൽ അട്ടിമറിക്കപ്പെട്ടുവെന്നാണു രാഷ്ട്രീയ–കർഷക സംഘടനകളുടെ ആരോപണം. ഈ പ്രശ്നം സൃഷ്ടിച്ചതിൽ കേരള സർക്കാരാണു ഒന്നാം പ്രതിയെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

ഇടുക്കി ജില്ലയിലെ ഉപ്പുതറ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും  ബഫർ സോണിൽ ഉൾപ്പെടുത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. വിജ്ഞാപനം തയാറാക്കിയ ഉദ്യോഗസ്ഥരെ വിളിച്ചു ചേർത്താണു സർക്കാർ വീണ്ടും യോഗം േചരുന്നത്. ജനപ്രതിനിധികളോടും കർഷകരോടും സംസാരിക്കാന്‍ സർക്കാർ തയാറാവണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പട്ടു.