മാന്ദാമംഗലത്ത് പഞ്ചായത്തിലെ ശ്മശാനം നിർമാണത്തിനിടെ പ്രതിഷേധം

തൃശൂർ മാന്ദാമംഗലത്ത് പഞ്ചായത്ത് ശ്മശാനത്തിന് എതിരെ ജനരോഷം ശക്തം. ശ്മശാനം പണിയാനുള്ള തീരുമാനത്തിന് എതിരെ നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.  

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം വേണമെന്നാണ് സർക്കാർ തീരുമാനം. സി.പി.എം ഭരിക്കുന്ന പുത്തൂർ പഞ്ചായത്ത് ഇത് അക്ഷരംപ്രതി പാലിക്കാൻ ശ്രമിച്ചു. മന്ദാമംഗലം മരുതംകുഴിയിൽ രണ്ടേക്കർ ഭൂമി വാങ്ങാൻ നടപടി തുടങ്ങി. ജനവാസ മേഖലയിൽ ശ്മശാനം വരുന്നത് ഗ്രാമസഭ ചർച്ച ചെയ്തു തളളി. എന്നാൽ, പഞ്ചായത്താകട്ടെ പദ്ധതിയുമായി മുന്നോട്ട് പോയി . ഇതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് ഓഫിസ് ഉപരോധം.

അതേസമയം, പഞ്ചായത്ത് ഭരണസമിതി വിശദമായ ചർച്ചകൾക്ക് ശേഷമാണ് ശ്മശാനത്തിന് ഭൂമി തിരഞ്ഞെടുത്തത്. ശ്മശാനം എവിടെ സ്ഥാപിച്ചാലും എതിർപ്പ് പതിവാണ്. അപേക്ഷ ലഭിച്ച ആറു സ്ഥലങ്ങളിൽ ഏറ്റവും ജനവാസം കുറഞ്ഞ ഭൂമിയാണ് തിരഞ്ഞെടുത്ത് അധികൃതർ പറഞ്ഞു.