സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ വീണ്ടും യുഡിഎഫ് നേതാക്കളോടൊപ്പം വേദിയില്‍. ടി. ജെ ചന്ദ്രചൂഡന്‍ പുരസ്ക്കാരം സ്വീകരിക്കാനാണ് സുധാകരനെത്തിയത്. വി ഡി സതീശന്‍ പ്രതിപക്ഷത്തെ പ്രഗല്‍ഭനായ നേതാവാണെന്ന് പ്രശംസിച്ച ജി സുധാകരന്‍ ആരുടെയും പ്രത്യയശാസ്ത്രം വയറിളക്കം പോലെ ഒലിച്ചുപോവില്ലെന്ന് പറഞ്ഞു.
ആലപ്പുഴയില്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന രണ്ടു പരിപാടിയില്‍ നിന്ന് വിട്ടു നിന്ന ജി സുധാകരനാണ് ഇന്ന് തിരുവനന്തപുരത്ത് എത്തി പ്രതിപക്ഷനേതാവില്‍ നിന്ന് പുരസ്ക്കരം വാങ്ങിയത്. വേദിയില്‍ യുഡിഎഫ് നേതാക്കളായ ഷിബു ബേബി ജോണും എ എ അസീസും ബാബു ദിവാകരനുമുണ്ടായിരുന്നു.
രാഷ്ട്രീയമായി പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കാലുഷ്യം പാടില്ലെന്നും തെറിവിളിക്കാന്‍ പാടില്ലെന്നും ജി സുധാകരന്‍ ഓര്‍മിപ്പിച്ചു. സുധാകരന്‍ ഉത്തമ കമ്മ്യൂണിസ്റ്റ് ആണെന്ന് വി ഡി സതീശന്‍ വിശേഷിപ്പിച്ചു.