File photo
സി.പി.എം ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി.സുധാകരന്‍. പാര്‍ട്ടി അനുഭാവിയായി തുടരും. എന്നാല്‍ പാര്‍ട്ടി അംഗത്വം ഉടന്‍ പുതുക്കില്ലെന്നും സുധാകരന്‍ നേതാക്കളെ അറിയിച്ചതായി സൂചന. കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സുധാകരന്റെ ബന്ധു കൂടിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി.ഹരിശങ്കർ എന്നിവർ വീട്ടിലെത്തി ഒരു മണിക്കൂറോളം സംസാരിച്ചതിനു പിന്നാലെയാണ് സുധാകരന്‍ നിലപാട് മയപ്പെടുത്തിയത്.
Also Read: പെരുമ്പളം പാലം ഉദ്ഘാടനത്തിന് ജി.സുധാകരന് ക്ഷണം; അനുനയത്തിന് 'പാലമിട്ട്' സിപിഎം
ജി സുധാകരൻ പിണങ്ങി നിൽക്കുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി മനോരമ ന്യൂസിനോട് പ്രതികരിച്ചു. അദ്ദേഹം ചില പരിഭവങ്ങൾ പ്രകടിപ്പിച്ചു എന്നുമാത്രം. പാർട്ടിക്ക് ദോഷം ഉണ്ടാക്കുന്ന ഒന്നും ജി സുധാകരൻ ചെയ്യില്ല. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു .നേരത്തെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാർട്ടി നേതൃത്വം ഇടപെടൽ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് കേന്ദ്ര കമ്മറ്റി അംഗം സി.എസ് സുജാത വീട്ടിലെത്തി സംസാരിച്ചത്. ജി.സുധാകരനുമായി സംസാരിക്കാൻ പാർട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടുന്നുണ്ടെന്നും സജി ചെറിയാൻ ആലപ്പുഴയിൽ പറഞ്ഞു.
നാളെ നടക്കുന്ന പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിന്റെ പോസ്റ്ററിൽ സുധാകരന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടിൽ വിശ്രമത്തിലായതിനാൽ സുധാകരൻ പങ്കെടുക്കില്ല. ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ നേരിട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. ഫെയ്സ് ബുക്കിലൂടെ തന്നെ ക്ഷണിച്ച വിവരം സുധാകരൻ വെളിപ്പെടുത്തിയിരുന്നു.
അംഗത്വം പുതുക്കുന്നില്ലെന്ന നിലപാട് സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച ശേഷം സുധാകരൻ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പരസ്യമായി സുധാകരൻ പ്രഖ്യാപിച്ചതും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ വിമർശനം ഉന്നയിച്ചതും സിപിഎമ്മില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം