അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരിൽ ഗവർണ്ണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര യോഗം വിളിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ ചോദ്യശരങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ ഗുരുതര ഭരണഘടനാ ലംഘനം മുഖ്യമന്ത്രി അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സംസ്ഥാനത്തുള്ളപ്പോൾ യഥാർത്ഥത്തിൽ ഭരണം നിയന്ത്രിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് വൈകുന്നേരം പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് പിണറായി വിജയൻ രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ ഭരണനിർവ്വഹണ തലവനായ മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ ലോക്ഭവൻ വിളിച്ച യോഗത്തിൽ പങ്കെടുത്തത്? ഇത് അത്യന്തം ഗൗരവമുള്ള ഭരണപരമായ പരാജയമാണ്.
പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച് രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയപ്പോൾ മാത്രമാണ് വിഷയം ലഘൂകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു പത്രക്കുറിപ്പ് ഇറക്കാൻ തയ്യാറായത്. പ്രതിപക്ഷം ശബ്ദമുയർത്തിയില്ലായിരുന്നുവെങ്കിൽ സർക്കാർ ഈ കൈകടത്തൽ മൂടിവെക്കുമായിരുന്നു. ഗവർണ്ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കാത്തതിനെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു.
ഗവർണ്ണറുടെ ഭരണഘടനാ വിരുദ്ധമായ നടപടിക്കെതിരെ മുഖ്യമന്ത്രി നേരിട്ട് കത്തയക്കുന്നതിന് പകരം ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചത് താൻ സംഘർഷത്തിനില്ല എന്ന് സംഘപരിവാർ ശക്തികളോട് പറയാതെ പറയുന്നതിന് തുല്യമാണ്. ആ കത്ത് പൊതുസമക്ഷം പുറത്തുവിടാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് ഗവർണ്ണറുടെ ഭാഗത്തുനിന്ന് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത ഇത്തരം നീക്കങ്ങൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രി നേരിട്ടാണ് കത്തയച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിക്ക് ഗവർണ്ണറെയോ അദ്ദേഹത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയോ എതിർക്കാൻ ഭയമാണ്. പിണറായി കുറിച്ചു.