ഒരു തിരഞ്ഞെടുപ്പും ഭരണമാറ്റവും മാത്രമാണ് നമ്മുടെ നേതാക്കള്‍ക്ക് അവരുടെ മുന്‍ നിലപാടുകള്‍ തിരുത്താന്‍ വേണ്ടിവന്ന കാലം. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ പി.എം.ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ രഹസ്യമായി നീക്കം നടത്തിയപ്പോള്‍ അതിനെതിരെ ശക്തിയുക്തം പ്രതിഷേധിച്ച, പ്രതിരോധിച്ച അന്നത്തെ യു.ഡി.എഫ് നേതാക്കള്‍, ഭരണം കിട്ടിയപ്പോള്‍ പഴയ നിലപാടും വാക്കും മറന്നു... പദ്ധതിയില്‍ ഒപ്പിട്ടുപോയി, പണം വാങ്ങിപോയി തുടങ്ങിയ വാദങ്ങള്‍ നിരത്തി, മുന്‍പ് ശക്തമായി എതിര്‍ത്ത കേന്ദ്രത്തിന്റെ പി.എം.ശ്രീ പദ്ധതിയില്‍ തുടരാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു. പിണറായി സര്‍ക്കാര്‍ കരാറിലൊപ്പിട്ടതിനാല്‍ പദ്ധതിയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതമായെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍... പക്ഷെ പേടിക്കുകയൊന്നും വേണ്ട, പാഠ്യപദ്ധതി സംസ്ഥാനം തീരുമാനിക്കുമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി... അപ്പോള്‍, പണ്ട് പറഞ്ഞ വാക്കോ? യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പി.എം.ശ്രീ പദ്ധതിയുടെ സ്ഥാനം ചവറ്റുകൊട്ടയിലും അറബിക്കടലിലും എന്നൊക്കെ പറഞ്ഞ നേതാക്കളോട്... നിങ്ങളുടെ നിലപാടിന് ഇത്ര വിലയേ ഉള്ളോ?

ENGLISH SUMMARY:

The UDF government in Kerala has decided to continue with the central government's PM SHRI Scheme, a stark reversal from their previous strong opposition. Chief Minister V.D. Satheesan stated that Kerala is compelled to proceed with the scheme due to the previous LDF government signing the agreement, while assuring that the state will retain control over the curriculum.