g-sudhakaran-perumbalam-2

ജി സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം നേതൃത്വം.  സി.എസ്.സുജാതയും  ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി.ഹരിശങ്കറും സുധാകരന്‍റെ വീട്ടിലെത്തി. നാളത്തെ പെരുമ്പളം പാലം ഉദ്ഘാടനത്തിനും സുധാകരന് ക്ഷണമുണ്ട്. ചടങ്ങിലെ മുഖ്യാതിഥിയായി നോട്ടിസില്‍ പേരുമുണ്ട് . മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്.

 

അതേസമയം, സിപിഎം അംഗത്വം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം രണ്ടാം ദിവസവും മൗനത്തിലാണ്  ജി.സുധാകരൻ. കാര്യങ്ങൾ പരസ്യമായി പറയും എന്ന് നേരത്തെ  വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോൾ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് . അനുനയ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലുംസുധാകരന്‍ വഴങ്ങുന്ന സൂചനകളില്ല. എം.വി.ഗോവിന്ദൻ ഫോണിൽ സംസാരിച്ചപ്പോഴും തന്‍റെ നിലപാടിൽ മാറ്റമില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. സുധാകരനെ പരിഹസിച്ചതല്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ട് ചിരിച്ചതാണെന്നുമുള്ള എം.വി.ഗോവിന്ദന്‍റെ വിശദീകരണം സുധാകരൻ  ഉൾക്കൊണ്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

 

നാളെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുണ്ട്. സുധാകരനുമായി മുഖ്യമന്ത്രി സംസാരിക്കും എന്ന് കരുതുന്ന നേതാക്കളും പ്രവർത്തകരുണ്ട്. നിർണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും സംസ്ഥാന, ജില്ലാ സെക്രട്ടറിമാർക്കെതിരെ പരസ്യവിമർശനം ഉന്നയിക്കുകയും ചെയ്ത സുധാകരനെയും അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങളെയും പാർട്ടി നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സുധാകരന്‍റെ അടുത്ത നീക്കം എന്താകും എന്നതിലും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷയുണ്ട്. സുധാകരന്‍ നിലപാട് അറിയിച്ച ശേഷം അഭിപ്രായം വ്യക്തമാക്കാം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

ENGLISH SUMMARY:

The CPM leadership has initiated efforts to reconcile with senior leader G. Sudhakaran. CPM leader C.S. Sujatha and district secretariat member G. Harishankar visited Sudhakaran’s residence as part of the attempt to persuade him. Sudhakaran has also been invited to attend the inauguration of the Perumbalam Bridge scheduled for tomorrow. His name appears on the notice as a chief guest at the function. Chief Minister Pinarayi Vijayan will inaugurate the bridge.